
തൃശൂർ : റെയിൽവേ സ്റ്റേഷനിൽ നിന്നും എട്ട് ലക്ഷത്തോളം വില വരുന്ന പത്ത് കിലോ കഞ്ചാവ് കണ്ടെടുത്തു. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ റെയിൽവേ പൊലീസും കേരള പൊലീസും സംയുക്തമായി പരിശോധന നടത്തുന്നതിനിടയിലാണ് പ്ലാസ്റ്റിക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ പിടികൂടാനായില്ല.
രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ തെക്കേയറ്റത്തുള്ള എസ്‌കലേറ്ററിന് സമീപമാണ് പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
ആൾ സഞ്ചാരമില്ലാത്തിടത്ത് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ധൻബാദ് എക്‌സ്പ്രസ് വന്നുപോയ ശേഷം നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ഒ.തോമസ് പറഞ്ഞു. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ആന്ധ്രാപ്രദേശിൽ നിന്നും കർണാടകയിൽ നിന്നുമാണ് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവെത്തുന്നത്.
പിടിച്ചെടുത്ത കഞ്ചാവ് നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. ഗ്രേഡ് എസ്.ഐമാരായ മനോജ് കുമാർ, ജയകുമാർ, സി.പി.ഒ അനൂപ് സുകിൽ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ സി.ഐ അജയകുമാർ, എ.എസ്.ഐ പ്രദീപ് , എ.എസ്.ഐ തോമസ്, ഹെഡ് കോൺസ്റ്റബിൾ പ്രദീപ് എന്നിവരാണ് പരിശോധന നടത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നും പത്ത് കിലോയോളം കഞ്ചാവ് കണ്ടെടുത്തു