
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അത്യാധുനിക പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനത്തിന്റെ പരീക്ഷണങ്ങൾ ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. വിവിധ ഫീൽഡ് ഫയറിംഗ് റേഞ്ചുകളിൽ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷണം നടത്തിയത്. രണ്ട് ഇൻസർവീസ് പിനാക ലോഞ്ചറുകളിൽ ഓരോന്നിൽ നിന്നും 12 റോക്കറ്റുകൾ പരീക്ഷിച്ചതായി ഡിആർഡിഒ പ്രസ്താവനയിൽ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് പിനാകയ‌്ക്കുള്ള ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ് ലോഞ്ചിംഗ് പരീക്ഷണം നടത്തിയത്.
ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുത്ത പിനാകയുടെ കൃത്യതയും സ്ഥിരതയും ഡിആർഡിഒ വിലയിരുത്തി. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിലുള്ള പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിനാകയുടെ പരീക്ഷണ വിജയം ആക്കം കൂട്ടും. അമേരിക്കയുടെ ഹിമാർസ് സംവിധാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന പിനാക സംവിധാനം ഇന്ത്യയുടെ ആദ്യത്തെ പ്രധാന പ്രതിരോധ കയറ്റുമതിയിൽ ഇടംപിടിച്ചിരിക്കുകയാണ്. സംഘർഷബാധിതമായ അർമേനിയയാണ് പിനാക സംവിധാനം വാങ്ങാൻ ആദ്യ ഓർഡർ നൽകിയത്. ഇപ്പോൾ ഫ്രാൻസും പിനാകയ്‌ക്കായി അതീവ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സൈന്യത്തിന്റെ പീരങ്കി വിഭാഗത്തെ ശക്തിപ്പെടുത്തുകയാണ് പിനാകയുടെ സമ്പാദനത്തിലൂടെ ഫ്രാൻസ് ലക്ഷ്യമിടുന്നത്. വരുന്ന വാരം ഇതിന്റെ പരീക്ഷണം നടക്കുമെന്നും സൂചനയുണ്ട്.
മഹാദേവന്റെ പിനാകം
പിനാകപാണി എന്നാണ് മഹാദേവനായ പരമശിവന്റെ പ്രശസ്തമായ നാമം. മഹാദേവന്റെ വില്ലായ പിനാകത്തിന്റെ മറ്റൊരു പേരാണ് അജഗവം. വിഷ്ണുപുരാണം ശിവപുരാണം തുടങ്ങിയ പുരാണസംസ്‌കൃത ഗ്രന്ഥങ്ങളിൽ പിനാകത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിരിക്കുന്നു. ത്രിപുര ദഹനം ഭഗവാൻ സാധ്യമാകിയത് അജഗവം എന്ന വില്ലിൽ നിന്ന് തൊടുത്ത പാശുപതാസ്ത്രത്തിലൂടെയാണ്.
അതുകൊണ്ട് തന്നെയാണ് തങ്ങളുടെ ശക്തമായ പ്രതിരോധ സംവിധാനത്തിന് ഡിആർഡിഒ പിനാകം എന്ന് പേര് നൽകിയത്. റഷ്യൻ ഗ്രാഡ് ബിഎം21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് പിനാക റോക്കറ്റ് സിസ്റ്റം ഇന്ത്യ വിന്യസിച്ചത്. 1999ലെ കാർഗിൽ യുദ്ധത്തിലാണ് ഇത് ആദ്യമായി ഉപയോഗപ്പെടുത്തിയത്. യുദ്ധസമയത്ത് തന്ത്രപ്രധാനമായ ഉയരങ്ങളിലുള്ള പാകിസ്ഥാൻ പൊസിഷനുകൾ തകർക്കുന്നതിൽ പിനാക സംവിധാനം നിർണായക പങ്ക് വഹിച്ചു.