
നെറ്റിപ്പട്ടങ്ങളുടെ വർണ്ണലോകമാണ് ദേവികയുടെ കൈകളിൽ വിരിയുന്നത്. ഭക്തിപൂർവം നിർമ്മിക്കുന്ന നെറ്റിപ്പട്ടങ്ങൾക്ക് ആവശ്യക്കാരുമേറെ. കുട്ടിക്കാലത്ത് തുടങ്ങിയ കമ്പമാണ് അരുവാപ്പുലം വെൺമേലിൽ എസ്. ദേവികയെ നെറ്റിപ്പട്ടങ്ങളുടെ ലോകത്തെത്തിച്ചത്. മെഴുവേലി പത്മനാഭോദയം ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തീകരിച്ച ദേവികയ്ക്ക് അദ്ധ്യാപികയാകണമെന്നാണ് ആഗ്രഹം.
നെറ്റിപ്പട്ട നിർമ്മാണം എന്ന കലയോട് അഭിനിവേശം ഏറെയാണ്. കോന്നിയിലെ ഫാഷൻ ഡിസൈനർ സീതി അജിത്താണ് നിർമ്മാണം പഠിപ്പിച്ചത്. വിവിധ തരം കുമിളകൾ, വർണ നൂലുകൾ ,തുണികൾ, പശ ഇവ ഉപയോഗിച്ചാണ് നിർമ്മാണം. ലോക്ഡൗൺ കാലത്താണ് ഈ രംഗത്തേക്ക് എത്തിയത്.
ഒരു അടി മുതൽ ആറര അടിവരെയുള്ള നെറ്റിപ്പട്ടങ്ങളാണ് ഇതുവരെ നെയ്‌തെടുത്തത്. കോന്നി, ഐരവൺ ക്ഷേത്രങ്ങൾക്ക് വേണ്ടി ഉൾപ്പെടെ നെറ്റിപ്പട്ടങ്ങൾ നൽകിയിട്ടുണ്ട്. വളരെ ക്ഷമയോടെ മാത്രമേ നെറ്റിപ്പട്ടം നിർമ്മിക്കാൻ കഴിയുവെന്ന് ദേവിക പറഞ്ഞു. കൈവഴക്കം വന്നതോടെ ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ നെറ്റിപ്പട്ടം നിർമ്മിച്ചെടുക്കാൻ കഴിയുന്നുണ്ട്. ഗണപതി, പഞ്ചഭൂതം, ത്രിമൂർത്തികൾ, നവഗ്രഹങ്ങൾ, സപ്തർഷികൾ, അഷ്ടലക്ഷ്മിമാർ, ലക്ഷ്മി, സരസ്വതി, പാർവതി എന്നിങ്ങനെയാണ് നെറ്റിപ്പട്ടത്തിന്റെ നിർമ്മാണ രീതികൾ. അച്ഛൻ നന്ദകുമാറും അമ്മ ശ്രീലേഖയും ദേവികയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
നിർമ്മാണ സാമഗ്രികൾ തൃശൂരിൽ നിന്ന്
നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ നിന്നാണ് വാങ്ങുന്നത്. വൃത്തിയോടും ഭക്തിയോടും മാത്രമേ നെറ്റിപ്പട്ടം പൂർത്തീകരിക്കാൻ കഴിയൂ. സ്ഥാപനങ്ങളിലും വീടുകളിലും വാഹനങ്ങളിലും അലങ്കാരത്തിന് ഉപയോഗിക്കുന്ന ഫാൻസി നെറ്റിപ്പട്ടങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൂടാതെ വിദേശ മലയാളികൾക്കുവേണ്ടിയും നെറ്റിപ്പട്ടം തയ്യാറാക്കി നൽകാറുണ്ട്.1500 മുതൽ 15,000 വരെയാണ് വില. നിർമ്മിക്കുന്ന നെറ്റിപ്പട്ടങ്ങളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇത് കണ്ടാണ് ഒട്ടേറെ ആളുകൾ ഓർഡർ നൽകുന്നതെന്ന് ദേവിക പറഞ്ഞു.