
സംസ്ഥാന കായിക ചരിത്രത്തിൽതന്നെ വിസ്മയം സൃഷ്ടിച്ചാണ് ഇത്തവണ എറണാകുളത്ത് ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേള അരങ്ങേറിയത്. അത്ലറ്റിക്സിൽ മാത്രമൊതുങ്ങിയിരുന്ന മേളയിൽ മറ്റ് കായിക ഇനങ്ങൾക്കും ഇടംനൽകിയതും ഒന്നിച്ചൊരു ഉത്സവാന്തരീക്ഷത്തിൽ നടത്തിയതും സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെക്കൂടി ഈ ആഘോഷത്തിന്റെയും ആവേശത്തിന്റെയും മുൻനിരയിലെത്തിച്ചതും കൊച്ചി കായികമേളയെ ശ്രദ്ധേയമാക്കി. കേരളത്തിന് പുറത്തുനിന്നുകൂടി കേരള സിലബസിലെ കുട്ടികൾ എത്തിയതും മേളയുടെ മാറ്റുകൂട്ടി. സമാപനച്ചടങ്ങിലെ പ്രതിഷേധം ഒഴിച്ചുനിറുത്തിയാൽ കായികമേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സംഘാടനം ഇത്തവണത്തേതാകുമായിരുന്നു.
അക്വാട്ടിക്സ് ഉൾപ്പടെയുള്ള ഗെയിംസ് ഇനങ്ങളിൽ ആധിപത്യം പുലർത്തി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാർക്കുള്ള പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി സ്വന്തമാക്കി. തുടർച്ചയായ മൂന്നാം തവണയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരാകുന്നത്. 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവും ഉൾപ്പെടെ 1935 പോയിന്റ് നേടിയാണ് തലസ്ഥാനത്തിന്റെ കുതിപ്പ്. 848 പോയിന്റ് നേടിയ തൃശൂരാണ് റണ്ണറപ്പ്. അത്ലറ്റിക്സിന്റെ പിൻബലത്തിൽ മലപ്പുറം 824 പോയിന്റുമായി മൂന്നാമതായി.
ഗ്ലാമർ ഇനമായ അത്ലറ്രിക്സിൽ പാലക്കാടിന്റെയും എറണാകുളത്തിന്റെയും കുത്തക അവസാനിപ്പിച്ച് ചരിത്രത്തിൽ ആദ്യമായി മലപ്പുറം ചാമ്പ്യന്മാരായി. ഐഡിയൽ ഇ.എച്ച്.എസ്.എസിന്റെയും നവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായയുടേയും മികവിലായിരുന്നു മലപ്പുറത്തിന്റെ മെഡൽ മലകയറ്റം. കഴിഞ്ഞ മൂന്നു തവണയും ജേതാക്കളായിരുന്ന പാലക്കാട് രണ്ടാം സ്ഥാനത്തായപ്പോൾ എറണാകുളം മൂന്നാം സ്ഥാനത്തായി. സ്കൂളുകളിൽ തുടർച്ചയായ മൂന്നാംതവണയും ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി ചാമ്പ്യന്മാരായി.
തലപ്പത്ത് തലസ്ഥാനം
ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ദീപശിഖ തെളിയും മുമ്പേ, ഓവറോൾ ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ തിരുവനന്തപുരം ബഹുദൂരം മുന്നിലായിരുന്നു. കായികമേളയിൽ നടക്കേണ്ട 246 ഗെയിംസ് ഇനങ്ങൾ ദേശീയ ചാമ്പ്യൻഷിപ്പിന്റെ സമയം പരിഗണിച്ച് നേരത്തെ പൂർത്തിയാക്കിയിരുന്നു. ഈ ഇനങ്ങളുടെ പോയിന്റും ഓവറോൾ ചാമ്പ്യൻഷിപ്പിനായി പരിഗണിച്ചതോടെയാണ് തലസ്ഥാനം ഏറെ മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിനെക്കാൾ ഇരട്ടിയിലധികം പോയിന്റ് നേടിയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്.
അത്ലറ്റിക്സിൽ
മലപ്പുറം
22 സ്വർണം,32 വെള്ളി,24 വെങ്കലം എന്നിവയടക്കം 247 പോയിന്റ് നേടിയാണ് മലപ്പുറം അത്ലറ്റിക്സിൽ പുതിയ ചരിത്രമെഴുതിയത്. മുൻ ചാമ്പ്യന്മാരായ പാലക്കാട് 25 സ്വർണം, 13 വെള്ളി, 18 വെങ്കലം എന്നിവയോടെ 213 പോയന്റുമായി രണ്ടാം സ്ഥാനത്താണെത്തിയത്. ഓവറാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ല 824 പോയന്റോടെ മൂന്നാം സ്ഥാനത്തെത്തി. 64 സ്വർണം, 90 വെള്ളി,138 വെങ്കലം എന്നിവയടക്കം 824 പോയന്റോടെയാണ് മലപ്പുറം മൂന്നാം സ്ഥാനത്തെത്തിയത്. ഗെയിംസിൽ മാത്രമായി 568 പോയിന്റോടെ മലപ്പുറം നാലാം സ്ഥാനത്തെത്തി. 41 സ്വർണം,57 വെള്ളി, 113 വെങ്കലം എന്നിവയാണ് നേടിയത്.
കടകശ്ശേരി ഐഡിയൽ സ്കൂളിന്റെ കരുത്തിലായിരുന്നു ചരിത്രത്തിലേക്കുള്ള മലപ്പുറത്തിന്റെ മുന്നേറ്റം. 80 പോയിന്റാണ് ഐഡിയൽ സ്കൂൾ കടകശേരി ട്രാക്കിൽ നിന്നും ഫിൽഡിൽ നിന്നും നേടിയത്. സമ്പാദ്യത്തിൽ എട്ടു സ്വർണവും 11 വെള്ളിയും ഏഴ് വെങ്കലവും. ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറത്തെ ഒരു സ്കൂൾ സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വപ്നകിരീടം മൂന്നുവട്ടം മുത്തമിടുന്നത്.
സീനിയർ പെൺകുട്ടികളുടെ 800 (സ്വർണം) ,1500,400 ( വെള്ളി വീതം) ഇനങ്ങളിൽ നിന്നായി 11പോയിന്റുകൾനേടിയ കടകശ്ശേരി ഐഡിയൽ സ്കൂളിലെ ജെ.എസ്.നിവേദ്യയും മലപ്പുറത്തിന്റെനേട്ടത്തിന് കരുത്തായി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 1500, 3000, എന്നിവയിൽ സ്വർണംനേടിയ ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിലെ മുഹമ്മദ് അമീൻ എം.പിയും പത്തുപോയിന്റ് കരസ്ഥമാക്കി. 1500, 3000 മീറ്റർ ഓട്ടത്തിൽ വെള്ളിനേടിയ ഇതേ സ്കൂളിലെ മുഹമ്മദ് ജസീലും ചാമ്പ്യൻപട്ടത്തിലേക്കുള്ള ഓട്ടത്തിന് കരുത്തേകി.
കർമ്മനിരതനായി മന്ത്രി
കൊച്ചിയിൽ നടന്ന പ്രഥമ ഒളിമ്പിക് മാതൃകയിലുള്ള സ്കൂൾ കായിക മേള വൻ വിജയമായി മാറിയതിൽ ഏറ്റവും അധികം അഭിനന്ദിക്കേണ്ടത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെയാണ്. ഒരാഴ്ചയിലേറെയായി എറണാകുളത്ത് ക്യാമ്പ് ചെയ്ത് മേളയുടെ നടത്തിപ്പിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. ഓരോ വേദിയിലും എത്താനും ചെറിയ പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാനും മന്ത്രി മുൻകൈയെടുത്തു. ഇത്രയധികം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മേള നടത്തുന്നതിന്റെ ബുദ്ധിമുട്ട് ചില്ലറയല്ല. അവിടെയാണ് ഈ വെല്ലുവിളി ഏറ്റെടുത്ത് മുന്നിൽ നിന്ന് നേതൃത്വം നൽകിയ വിദ്യാഭ്യാസമന്ത്രിയുടെ പ്രയത്നം തിരിച്ചറിയേണ്ടത്. കായിക സംഘാടനത്തിൽ വർഷങ്ങളായി തനിക്കുള്ള പരിചയസമ്പത്ത് മന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തായി. എല്ലാ കായിക ഇനങ്ങൾക്കും അർഹമായ പ്രാധാന്യം നൽകുകയും കായികതാരങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്തതോടെ ഒളിമ്പിക്സിന്റെ ഒരുമയുടെ സന്ദേശം പകർന്നു നൽകാനുമായി.
അവസാനം
അലങ്കോലമായി
മേളയുടെ സമാപനച്ചടങ്ങിൽ പൊലീസും കായികതാരങ്ങളുമായി സംഘർഷമുണ്ടായത് കളങ്കമായി. അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്കൂളുകളുടെ പോയിന്റിനെ ചൊല്ലി സംഘാടകരും സ്കൂൾ മാനേജ്മെന്റുകളും തമ്മിലുള്ള തർക്കം കായികതാരങ്ങളും ഏറ്റെടുത്തതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. മഹാരാജാസ് ഗ്രൗണ്ടിൽ നവമുകുന്ദാ എച്ച്.എസ്.എസ് തിരുനാവായയുടേയും മാർ ബേസിൽ കോതമംഗലത്തിന്റെയും താരങ്ങൾ കുത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ വേദിയിൽ നിന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെയും കായികമന്ത്രി വി. അബ്ദുറഹ്മാനെയും പൊലീസ് സുരക്ഷിതമായി മാറ്റി.
84 പോയിന്റോടെ സ്കൂളുകളിൽ ഓവറോൾ കിരീടം മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരി സ്വന്തമാക്കിയിരുന്നു. ഇവർക്ക് സമാപന വേദിയിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻസ് ട്രോഫി കൈമാറി. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം 44 പോയിന്റുമായി നവമുകുന്ദാ എച്ച്.എസ്.എസ് തിരുനാവായ്ക്കും മൂന്നാം സ്ഥാനം 43 പോയിന്റുമായി കോതമംഗലം മാർബേസിൽ സ്കൂളിനുമായിരുന്നു. എന്നാൽ ഓവറോൾ കണക്കിൽ സ്പോർട്സ് സ്കൂളിനെയും പരിഗണിച്ചതോടെ രണ്ടാം സ്ഥാനം തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂളായി. 55 പോയിന്റാണ് ജി.വി. രാജ സ്കൂളിനുണ്ടായിരുന്നത്. പോയിന്റ് പട്ടികയിൽ ജി.വി രാജ സ്പോർട്സ് സ്കൂളുകളെ ഹോസ്റ്റൽ വിഭാഗത്തിലും മറ്റ് സ്കൂളുകളെ സ്കൂൾ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരുന്നത്. സമാപനത്തിന് മുമ്പു വരെ ഈ നിലയിലായായിരുന്നു പോയിന്റ് പട്ടിക പുതുക്കിയത്. അതിൽ പെട്ടെന്ന് മാറ്റമുണ്ടായതാണ് സംഘഷർത്തിന് കാരണമായത്.
ഇനി തലസ്ഥാനത്ത് കാണാം....
അടുത്ത കായിക മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് തലസ്ഥാനമാണ്. അതിനുള്ള പതാക മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് സമാപന സമ്മേളനത്തിൽ കൈമാറി