
മത്സ്യങ്ങളെ വളർത്തുന്നതിലൂടെ വീടിനുള്ളിൽ വലിയ മാറ്റം വരുമെന്നാണ് വാസ്‌തു ശാസ്‌ത്രത്തിലെ വിശ്വാസം. വീടിനുള്ളിലായാലും പുറത്തായാലും ഇത് ശുഭകരമാണെന്നാണ് വേദ ശാസത്രത്തിൽ പറയുന്നത്. അക്വേറിയങ്ങൾ പോസ്റ്റീവ് ഊർജം പരത്തുന്നവയാണ്.
ഭവനങ്ങളിലെയും തൊഴിലിടങ്ങളിലെയും പല വാസ്തു ദോഷങ്ങള്‍ക്കും പരിഹാരമായി അക്വേറിയങ്ങൾ സ്ഥാപിക്കാവുന്നതാണ്. ഇതിലൂടെ നെഗറ്റീവ് ഊർജത്തെ നിങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ സാധിക്കും. അലങ്കാരം മാത്രമല്ല, സ്ഥാപിക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള നിഷേധാത്മകമായ പ്രഭാവലയങ്ങളെ പൂർണമായും ഇല്ലാതാക്കാനും സാധിക്കും. സന്തോഷത്തെ ആകർഷിക്കാനുള്ള കഴിവും അക്വേറിയത്തിനുണ്ട്.
മാത്രമല്ല, അക്വേറിയത്തിലെ മീനുകൾക്ക് ഭക്ഷണം കൊടുക്കുന്നതിലൂടെ പുണ്യകരമായ പ്രവൃത്തിയാണ് ചെയ്യുന്നത്. അക്വേറിയം ഉള്ള സ്ഥലങ്ങളിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും. ഇത്രയും ലളിതമായുള്ള കാര്യം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പല നേട്ടങ്ങളും ലഭിക്കും. ഇതിനായി അക്വേറിയം ശരിയായ സ്ഥാനത്ത് വയ്‌ക്കേണ്ടത് അനിവാര്യമാണ്.
വാസ്‌തുശാസ്‌ത്രപ്രകാരം, വീടിന്റെ സ്വീകരണമുറിയിൽ അക്വേറിയം വയ്‌ക്കണം. ഓഫീസ് ആണെങ്കിൽ അതിന്റെ റിസപ്‌ഷൻ ഭാഗത്ത് വയ്‌ക്കാവുന്നതാണ്. വന്നുകയറുന്ന ആളുകൾക്ക് ശരിയായി കാണാൻ സാധിക്കുന്ന വിധത്തിൽ വേണം അക്വേറിയം വയ്‌ക്കേണ്ടത്. ഇത് നെഗറ്റീവ് എനർജിയെ മാറ്റാൻ സഹായിക്കും.