
ഇത്തവണത്തെ യുഎസ് തിരഞ്ഞെടുപ്പ് ഫലം ലോകത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. 130 വർഷത്തിന് ശേഷമാണ് ഒരു മുൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. 78ാം വയസിൽ വീണ്ടും പ്രസിഡന്റ് പദവിയിൽ എത്തിയ ട്രംപിന്റെ ഭരണം എങ്ങനെയായിരിക്കുമെന്ന കാത്തിരിപ്പിലാണ് അമേരിക്കൻ ജനത. ട്രംപിന്റെ തിരുച്ചുവരവ് അമേരിക്കയിലെ ഒരു വിഭാഗത്തിന് ശരിക്കും സന്തോഷം നൽകുന്ന ഒന്നാണ്. എന്നാൽ മറ്റ് ചിലർ ട്രംപിന്റെ തിരിച്ചുവരവിനെ അത്ര സന്തോഷത്തോടെയല്ല നോക്കിക്കാണുന്നത്.
ട്രംപിന്റെ രണ്ടാം ഭരണം അമേരിക്കയുടെ നാശത്തിലേക്കുള്ള പോക്കാണെന്നാണ് ഇവർ വാദിക്കുന്നത്. സാധാരണക്കാർ മാത്രമല്ല, സമൂഹത്തിൽ ഉന്നതിയിൽ നിൽക്കുന്നവർക്കും ഇതേ അഭിപ്രായമാണ്. ദിവസങ്ങൾക്ക് മുമ്പ് ടെസ്ല സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ മകൾ അമേരിക്ക വിടുകയാണെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ട്രംപിന്റെ ഭരണം കഴിഞ്ഞാലും താൻ അമേരിക്കയിലേക്ക് ഇല്ലെന്നാണ് അവർ വ്യക്തമാക്കിയത്. ട്രംപിന് പൂർണ പിന്തുണയുമായി മസ്‌ക് രംഗത്തുള്ളപ്പോഴാണ് മകൾ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്.
മസ്‌കിന്റെ മകൾ മാത്രമല്ല, നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ അടക്കം ഇതേ അഭിപ്രായം പങ്കുവച്ചത്. ഈ പ്രഖ്യാപനങ്ങൾ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുമ്പോഴാണ് ട്രംപിന്റെ ഭരണം ഇഷ്ടപ്പെടാത്തവർക്കായുള്ള ഒരു ടൂർ പാക്കേജിനെക്കുറിച്ച് ചർച്ചയും പുറത്തുവന്നത്. ട്രംപിന്റെ ഭരണം ഇഷ്ടപ്പെടാത്തവർക്കായി നാല് വർഷത്തെ ക്രൂയിസ് കപ്പൽ യാത്രയാണ് ട്രാവൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കടലിലെ യാത്ര ഇഷ്ടപ്പെടുന്നവർക്കും നാല് വർഷത്തോളം കടലിൽ ചെലവഴിക്കാൻ താൽപര്യമുള്ളവർക്കാണ് യാത്ര.
നാല് വർഷം കടലിൽ
ഫ്‌ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന വില്ല വി റെസിഡെൻസസാണ് യാത്ര പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ട്രംപ് വിജയച്ചതിന് പിന്നാലെ നവംബർ ഏഴിനാണ് യാത്രയെക്കുറിച്ച് കമ്പനി ഔദ്യോഗികമായി അറിയിക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സന്ദർശിക്കാൻ സാധിക്കുമെന്നതാണ് ഈ യാത്രയുടെ പ്രത്യേകത. മാത്രമല്ല യാത്ര പൂർണമായും അഡംബരം നിറഞ്ഞതായിരിക്കും. ഒരു വർഷം 40,000 ഡോളറാണ് യാത്രയുടെ ചെലവ്. ലോകത്തെ ഏത് തുറമുഖത്ത് നിന്നും ഈ സാഹസിക യാത്രയിൽ പങ്കെടുക്കാൻ സാധിക്കും.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്നാണ് പാക്കേജ് വെളിപ്പെടുത്തിയതെങ്കിലും, ആഗോളതലത്തിലെ എല്ലാ യാത്രകൾക്കും സാംസ്‌കാരിക അനുഭവങ്ങൾക്കും ഊന്നൽ നൽകി, രാഷ്ട്രീയ കാഴ്ചപ്പാടുകളില്ലാതെ എല്ലാ വിനോദസഞ്ചാരികൾക്കും പങ്കെടുക്കാൻ പറ്റുന്ന ഒന്നായിരിക്കുമെന്ന് വില്ല വി റെസിഡൻസസ് അവകാശപ്പെടുന്നു. ഈ വർഷം ആദ്യം, പണപ്പെരുപ്പത്തിനെതിരെ പോരാടാൻ ആഗ്രഹിക്കുന്നവർക്കായി 'എൻഡ്‌ലെസ് ഹൊറൈസൺസ്' എന്ന പാക്കേജും കമ്പനി അവതരിപ്പിച്ചിരുന്നു. ഈ യാത്രയിൽ പങ്കെടുക്കുന്നവർക്ക് കടലിലൂടെ ലോകത്തെ കാണാം എന്ന വാഗ്ദാനമാണ് കമ്പനി നൽകിയത്. ഇതോടൊപ്പം നിലവിലുള്ള ജീവിതച്ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

യാത്രയുടെ പ്രത്യേകതകൾ
ഈ ക്രൂയിസ് യാത്രയുടെ ആശയം ശരിക്കും എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. യുഎസ് രാഷ്ട്രീയത്തിൽ ആശങ്കപ്പെടുന്നവർക്ക് രക്ഷനേടാനുള്ള ഒരു അവസരമാണിത്. ഈ ക്രൂയിസ് കപ്പലിൽ ലക്ഷ്വറി സ്യൂട്ട് റൂമുകൾ, ലൈബ്രറി, ആരോഗ്യം പരിപാലിക്കുന്നതിനുള്ള കേന്ദ്രങ്ങൾ, ജോലി ചെയ്യാനുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവ ഒരുക്കും. ആഡംബര സേവനങ്ങൾ മാറ്റിനിർത്തിയാൽ, ഓരോ മുറിയും യാത്രക്കാർക്ക് മറ്റൊരു വീട് പോലെ തോന്നും. വിവിധ തരത്തിലുള്ള ഭക്ഷണം, ജോലി ചെയ്യുന്നവർക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യം, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ ഈ കപ്പൽ യാത്രയുടെ പ്രത്യേകതയാണ്.
600 യാത്രക്കാർ 150 ലക്ഷ്യസ്ഥാനങ്ങൾ
600ഓളം യാത്രക്കാരെ വഹിക്കാൻ ഈ കപ്പലിന് സാധിക്കും. ലോകത്തെ പ്രധാനപ്പെട്ട 150 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ക്രൂയിസ് കപ്പൽ യാത്ര ചെയ്യുന്നത്. ലോകത്തുള്ള അത്ഭുതങ്ങൾ, 100ൽ കൂടുതലുള്ള ഉഷ്ണമേഖല ദ്വീപുകൾ എന്നിവിടങ്ങൾ സന്ദർശിക്കാൻ സാധിക്കും. രണ്ട് മുതൽ അഞ്ച് ദിവസം വരെ കപ്പൽ ഓരോ തുറമുഖത്തും നങ്കൂരമിടും. നാല് വർഷത്തെ യാത്രയ്ക്കുള്ള സിംഗിൾ ക്യാബിൻ നിരക്ക് 255,999 ഡോളറാണ്. ഡബിൾ ഒക്യുപൻസി ക്യാബിനുകൾക്ക് 319,998 ഡോളർ ചെലവാകും. ഒരു വർഷത്തേക്കും രണ്ട് വർഷത്തേക്കും മൂന്ന് വർഷത്തേക്കും പ്രത്യേക പാക്കേജുകൾ ലഭ്യമാണ്. യാത്ര ചെയ്യാൻ താൽപര്യമുള്ളവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.