roads

മലപ്പുറം: ജില്ലയിൽ വാഹനാപകടങ്ങളിൽ മരണപ്പെടുന്നവരിൽ നല്ലൊരു പങ്കും ബൈക്ക് യാത്രികരായ 30 വയസിന് താഴെയുള്ളവർ. കഴിഞ്ഞ മാസം 26 അപകടങ്ങൾ ഉണ്ടായപ്പോൾ 23 എണ്ണവും ഇരുചക്രവാഹനങ്ങളാണ്. മരിച്ചവർ 30 വയസ്സിന് താഴെയുള്ളവരും. ഉയർന്ന സിസിയുള്ള പുതുതലമുറ ബൈക്കുകൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്നതും അശ്രദ്ധയും അപകടം വിളിച്ചുവരുത്തുന്നുണ്ട്. ബൈക്ക് ഓടിക്കുന്നതിനിടയിലെ മൊബൈൽ വിളിയായിരുന്നു നേരത്തെ അപകടങ്ങൾക്ക് വഴിവെച്ചിരുന്നതെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയ ആപ്പുകൾ നോക്കിയുള്ള വാഹനമോടിക്കലാണ് വില്ലനാവുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു.

റോഡിലെ കുണ്ടും കുഴിയും ദേശീയപാത വികസനത്തിലെ അശാസ്ത്രീയതയും അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ ഉണ്ടായ അപകടത്തിൽ 12 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഏഴ് പേർ ബൈക്ക് യാത്രികരാണ്. പൊലീസിന്റേയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ റോഡുകളിൽ പരിശോധനയും ബോധവൽക്കരണം ശക്തമാക്കുമ്പോഴും അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാത്തത് ആശങ്കപ്പെടുത്തുന്നതാണ്. എറണാകുളവും തിരുവനന്തപുരവും കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറത്താണ്. റോഡുകളുടെ അപര്യാപ്തത, വാഹനങ്ങളുടെ പെരുപ്പം, പൊതുഗതാഗത സംവിധാനങ്ങളുടെ കുറവ്, അശ്രദ്ധ,​ അമിത വേഗം,​ ലഹരി ഉപയോഗിച്ചുമുള്ള വാഹനമോടിക്കൽ എന്നിവയാണ് വാഹനാപകടങ്ങൾ കൂടാൻ പ്രധാന കാരണങ്ങൾ.

വേണം തെരുവ് വിളക്കുകൾ
ജില്ലയിൽ റോഡപകടങ്ങളിൽ കാൽനടയാത്രക്കാർ ഉൾപ്പെടുന്നത് കൂടിയിട്ടുണ്ട്. അപകടങ്ങൾ ഏറെയും വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഇടയിലാണ്. റോഡിലെ വെളിച്ചക്കുറവ് മൂലം പലപ്പോഴും കാൽനട യാത്രക്കാർ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാറില്ല. സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന പല ഇടങ്ങളിൽ പോലും തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നില്ല. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം റോഡപകട മരണങ്ങളിൽ 20 ശതമാനം കാൽനടയാത്രക്കാരാണ്.

റോഡ് നിയമങ്ങൾ പാലിച്ചാൽ തന്നെ അപകടങ്ങൾ കാര്യമായി കുറയ്ക്കാനാവും. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. കൃത്യമായ പരിശോധനയും ബോധവത്ക്കരണവും നടത്തുന്നുണ്ട്.

ജില്ലാ മോട്ടോർ വാഹന വകുപ്പ് അധികൃതർ