indrans

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കിയ ഏഴാം തരം തുല്യതാ പരീക്ഷ എഴുതിയ ചലച്ചിത്ര താരം ഇന്ദ്രൻസ് വിജയിച്ചു. 500ൽ 297 മാർക്ക് നേടിയാണ് അദ്ദേഹം ജയിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മന്ത്രി, ഇന്ദ്രൻസിന് അഭിനന്ദനങ്ങളും നേർന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ വച്ചായിരുന്നു ഇന്ദ്രൻസ് പരീക്ഷ എഴുതിയത്.

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന നാലാം തരം തുല്യതാ കോഴ്‌സിന്റെയും (16-ാം ബാച്ച്) ഏഴാം തരം തുല്യതാ കോഴി‌സിന്റെയും (17-ാം ബാച്ച്) പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. നാലാം തരം തുല്യതാ കോഴ്‌സിൽ ആകെ രജിസ്റ്റർ ചെയ്‌ത 970പേരിൽ 487പേരാണ് പരീക്ഷ എഴുതിയത്. ഇവരിൽ 151 പുരുഷന്മാരും 336 സ്‌ത്രീകളുമാണുള്ളത്. ഇതിൽ 476പേർ വിജയിച്ചു. ഏഴാം തരം തുല്യതാ കോഴ്‌സിൽ ആകെ രജിസ്റ്റർ ചെയ്‌തത് 1604പേരാണ്. ഇതിൽ 1043പേർ പരീക്ഷ എഴുതി. 1007പേർ വിജയിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ശ്രീ.ഇന്ദ്രൻസ് വിജയിച്ചു. ശ്രീ.ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 476 പേർക്കും അഭിനന്ദനങ്ങൾ...