viral-video

സോഷ്യൽമീഡിയയിൽ വൈറലാകാൻ ആളുകൾ ചെയ്യുന്ന പല വേറിട്ട ശ്രമങ്ങളും വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്. ഫോളോവേഴ്സിനെ കൂട്ടാനും റീച്ച് കിട്ടാനും ഇക്കൂട്ടർ ചെയ്യുന്ന കാര്യങ്ങൾ അവർക്ക് തന്നെ ഒടുവിൽ പണിയാകാറുമുണ്ട്. തിരക്കേറിയ റോഡിൽ നൃത്തം ചെയ്തും അഭ്യാസങ്ങൾ കാണിച്ചും ഗതാഗത വകുപ്പിന്റെ നിയമനടപടികൾ ഏ​റ്റുവാങ്ങിയവരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ മ​റ്റൊരു സംഭവമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

സോണിയ റഹേജ എന്ന യുവതിയാണ് ഇപ്പോൾ വെറൈ​റ്റി വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുറഞ്ഞ വേഗതയിൽ ഓടുന്ന കാറിന്റെ ഡോറിൽ പിടിച്ചുകൊണ്ട് അസാദ്ധ്യ നൃത്തച്ചുവടുകൾ വയ്ക്കുന്ന യുവതിയുടെ വീഡിയോയാണിത്. പിങ്ക് സാരി ധരിച്ച യുവതി കൂളിംഗ് ഗ്ലാസ് അണിഞ്ഞാണ് നൃത്തം ചെയ്യുന്നത്. വീഡിയോയിൽ കേൾക്കുന്ന ഗാനത്തിനനുസരിച്ച് യുവതി നൃത്തം ചെയ്യുകയാണ്. മുതുകിൽ യുവതി ചെയ്തിരിക്കുന്ന ടാ​റ്റുവും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇൻസ്​റ്റഗ്രാമിൽ എട്ട് ലക്ഷം ഫോളോവേഴ്സുളള സോണിയയുടെ വീഡിയോ ഇതിനകം തന്നെ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. രണ്ടര കോടി ആളുകളാണ് വീഡിയോ കണ്ടത്. ചിലയാളുകൾ യുവതിയുടെ നൃത്തത്തെ പ്രശംസിച്ചാണ് പ്രതികരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈവേയിലൂടെ നൃത്തം ചെയ്യുന്നത് കുറച്ച് പ്രയാസകരമാണെന്നും ചിലർ പറയുന്നു.

ദിവസങ്ങൾക്ക് മുൻപ് സമാനമായ മ​റ്റൊരു വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിക്കി കൗശൽ നായകനായ ബാഡ് ന്യൂസ് എന്ന ചിത്രത്തിലെ തൗബ തൗബ ഗാനത്തിന്റെ നൃത്തച്ചുവടുകൾ അനുകരിച്ച യുവതിയുടേതാണ് വീഡിയോ. ചുവന്ന സാരി ധരിച്ച യുവതി തിരക്കേറിയ റോഡിന് സമീപത്ത് നിന്ന് ഗാനത്തിലുളള അതേനൃത്തച്ചുവടുകൾ അനുകരിക്കാൻ ശ്രമിക്കുന്നു. ആദ്യ ശ്രമത്തിൽ തന്നെ യുവതി റോഡിലേക്ക് വീഴുന്നുണ്ട്. റോഡിലൂടെ വേഗത്തിൽ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും കാണാം. വീണതോടെ യുവതി എഴുന്നേ​ൽക്കുകയും നൃത്തം തുടരുകയും ചെയ്യുന്നു. ഇതിനും വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചത്.