
അവർഡ് തുക 84 ലക്ഷം രൂപ
ബംഗളൂരു: ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ (ഐ.എസ്.എഫ്.) ഈ വർഷത്തെ ശാസ്ത്ര ഗവേഷണ പുരസ്‌കാരം മലയാളിയായ പ്രൊഫ. മഹ്മൂദ് കൂരിയ ( 36) ഉൾപ്പെടെ ആറുപേർക്ക്.
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി പ്രൊഫ. മഹ്മൂദ് കൂരിയ പുരസ്‌കാരത്തിന് അർഹനായത്. എഡിൻബറോ സർവകലാശാലയിൽ പ്രൊഫസറാണ്. ഏറ്റവും പ്രായം കുറഞ്ഞ പുരസ്‌കാരജേതാവാണ്.
സ്വർണ മെഡലും പ്രശസ്തിപത്രവും ലക്ഷം ഡോളറും ( 84 ലക്ഷം രൂപ) അടങ്ങുന്ന പുരസ്‌കാരം ജനുവരി 11ന് ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
ഇക്കണോമിക്സ്, എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസ് മേഖലകളിലെ ആറ് യുവ ഗവേഷകർക്കാണ് പുരസ്കാരം. പ്രൊഫ. അരുൺ ജി. ചന്ദ്രശേഖർ (ഗണിതശാസ്ത്രം), പ്രൊഫ. ശ്യാം ഗൊല്ലകൊട്ട (എൻജിനിയറിംഗ് ആൻഡ് കംപ്യൂട്ടർ സയൻസ്), സിദ്ധേഷ് കാമത്ത് (ലൈഫ് സയൻസ്), പ്രൊഫ. നീന ഗുപ്ത (ഗണിതശാസ്ത്രം), വേദിക ഖെമാനി (ഫിസിക്കൽ സയൻസ്) എന്നിവരാണ് മറ്റ് ജേതാക്കൾ.
ഇന്ത്യാ സമുദ്ര മേഖലയിലെ ഇസ്ലാമിക വ്യവഹാരങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ പ്രമുഖനാണ് ഡോ. മഹ്മൂദ് കൂരിയ.
ഡച്ച് സർക്കാരിന്റെ രണ്ടുകോടി രൂപയുടെ നാഷണൽ റിസർച്ച് ഫെലോഷിപ്പിന് അർഹനായിട്ടുണ്ട്. മലബാർ കലാപത്തിൽ ആന, കുതിര, കഴുത തുടങ്ങിയ മൃഗങ്ങളുടെ സേവനത്തെ പറ്റിയുള്ള മഹ്‌മൂദിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്.
പനങ്ങാങ്ങര കൂരിയാട്ടുതൊടി കുഞ്ഞിമൊയ്തീൻ മുസ്ലിയാരുടെയും മാമ്പ്രത്തൊടി മൈമുനത്തിന്റെയും മകനാണ്. ഭാര്യ ഫായിസ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗണിതശാസ്ത്ര ഗവേഷക. മകൻ മുറാദ് മഹ്‌മൂദ്.