
കല്ലറ: നാട്ടിൻ പുറങ്ങളിലും വനാതിർത്തികളിലും അക്കേഷ്യയും മാഞ്ചിയവും വീണ്ടും സജീവമായതോടെ പ്രദേശവാസികൾ ആശങ്കയിൽ. വനം വകുപ്പിന്റെ പാലോട് റേഞ്ചിലെ ഭരതന്നൂർ സെക്ഷനിൽ നെല്ലിക്കുന്ന് മേഖലകളിലാണ് വീണ്ടും അക്കേഷ്യയും മാഞ്ചിയവും വളരുന്നത്. കുടിവെള്ളക്ഷാമം, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി കാരണങ്ങളാൽ ജനങ്ങളുടെ നിരന്തരം പ്രക്ഷോഭവും പരാതിയും കാരണം വർഷങ്ങൾക്ക് മുമ്പ് അക്കേഷ്യയും മാഞ്ചിയും മുറിച്ചു ഫലവൃക്ഷങ്ങൾ നട്ടു.എന്നാൽ പരിപാലനക്കുറവു കാരണം ഫലവൃക്ഷത്തൈകൾ നശിച്ചു. വെട്ടിക്കളഞ്ഞ മാഞ്ചിയവും,അക്വേഷിയവും മുളച്ച് വീണ്ടും വനത്തിന് തുല്യമായി.
നീരുറവകൾ വറ്റിയതോടെ
ആദ്യകാലത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്വാഭാവിക വനങ്ങൾക്ക് പകരം അക്വേഷിയവും മാഞ്ചിയവും നട്ടു. ഇതോടെ പ്രദേശത്തെ കുടിവെള്ളസ്രോതസുകളും കുളങ്ങളും കിണറുകളും വറ്റിവരണ്ടു. വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി. ഇതോടെയാണ് ജനങ്ങൾ പ്രക്ഷോഭത്തിലേക്ക് തിരിഞ്ഞത്. തുടർന്ന് അക്വേഷിയും മാഞ്ചിയവും മുറിച്ച് ഫലവൃക്ഷത്തൈകൾ നടുകയായിരുന്നു.
വന്യമൃഗങ്ങളും
സ്വാഭാവിക വൃക്ഷങ്ങളെ വെട്ടിമാറ്റിയിട്ടാണ് ആദ്യം അക്വേഷ്യയും മാഞ്ചിയവും നട്ടത്. ഇവ വളരാൻ തുടങ്ങിയതോടെ മൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും കിട്ടാതായി. ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ ജനം പൊറുതിമുട്ടി. ഇപ്പോൾ കൂട്ടമായെത്തുന്ന കുരങ്ങ്, കാട്ടുപോത്ത്, മുള്ളൻപന്നി, കാട്ടുപന്നി, എന്നിവയുടെ വിഹാര കേന്ദ്രമാണ് നാട്ടിൻ പുറങ്ങൾ.
പദ്ധതി പ്രകാരം നട്ടത്: മാവ്, പ്ലാവ്, പേര, ഞാവൽ, ഇലഞ്ഞി, അമ്പഴം, നെല്ലി, കശുമാവ്, കാര. കണിക്കൊന്ന, ചെമ്പകം, വേപ്പ്, കാഞ്ഞിരം, ചന്ദനം, ആൽ, കൂവളം, താന്നി .