
നാല് ബാങ്കുകളുടെ സംയുക്ത ലാഭം 1,546 കോടി രൂപ
കൊച്ചി: കേരളം ആസ്ഥാനമായ നാല് സ്വകാര്യ ബാങ്കുകളുടെ സംയുക്ത അറ്റാദായം ജൂലായ് മുതൽ സെപ്തംബർ വരെ 1,545.8 കോടി രൂപയായി ഉയർന്നു. വരുമാനം കുത്തനെ വർദ്ധിപ്പിച്ചതും കിട്ടാക്കടങ്ങൾ കുറച്ചതുമാണ് ഗുണമായത്. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ സംയുക്ത മുൻവർഷം ഇതേകാലയളവിൽ 1,435 കോടി രൂപയായിരുന്നു.
സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1,057 കോടി രൂപ അറ്റാദായവുമായി ഫെഡറൽ ബാങ്ക് മിന്നുന്ന പ്രകടനം കാഴ്‌ചവെച്ചു. ബാങ്കിന്റെ മൊത്തം വരുമാനം 7,541 കോടി രൂപയായും പലിശ വരുമാനം 6,755 കോടി രൂപയായും ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 18 ശതമാനം ഉയർന്ന് 325 കോടി രൂപയിലെത്തി. മൊത്തം വരുമാനം 2,804 കോടിയും പലിശ വരുമാനം 2,355 കോടിയായും ഉയർന്നു. സി.എസ്.ബി ബാങ്കിന്റെ അറ്റാദായം നാല് ശതമാനം വർദ്ധനയോടെ 138 കോടി രൂപയിലെത്തി. മൊത്തം വരുമാനം 1,034 കോടി രൂപയാണ്. ധനലക്ഷ്‌മി ബാങ്കിന്റെ അറ്റാദായം ഇക്കാലയളവിൽ 11.4 ശതമാനം വർദ്ധനയോടെ 25.8 കോടി രൂപയിലെത്തി.
കിട്ടാക്കടങ്ങൾ കുറയുന്നു
സി.എസ്.ബി ബാങ്ക് ഒഴികെ മൂന്ന് ബാങ്കുകൾക്കും കിട്ടാക്കടങ്ങൾ ഗണ്യമായി കുറയ്ക്കാനായി. ഫെഡറൽ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി(എൻ.പി.എ) മുൻവർഷം സെപ്തംബറിലെ 2.26 ശതമാനത്തിൽ നിന്ന് 2.09 ശതമാനമായി കുറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം കിട്ടാക്കടം മുൻവർഷത്തെ 4.96 ശതമാനത്തിൽ നിന്നും 4.4 ശതമാനത്തിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ കിട്ടാക്കടം 5.36 ശതമാനത്തിൽ നിന്ന് 3.82 ശതമാനമായി. സി.എസ്.ബി ബാങ്കിന്റെ കിട്ടാക്കടം 1.27 ശതമാനത്തിൽ നിന്ന് 1.68 ശതമാനമായി ഉയർന്നു.
മൊത്തം വായ്പ
3.38 ലക്ഷം കോടി രൂപ
മൊത്തം നിക്ഷേപങ്ങൾ
4.06 ലക്ഷം കോടി രൂപ
ബാങ്ക് അറ്റാദായം(രൂപയിൽ)
ഫെഡറൽ ബാങ്ക് 1,057 കോടി
സൗത്ത് ഇന്ത്യൻ ബാങ്ക് 325 കോടി
സി.എസ്.ബി ബാങ്ക് 138 കോടി
ധനലക്ഷ്മി ബാങ്ക് 25.8 കോടി