
കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഹര്‍ത്താല്‍. നവംബര്‍ 19 ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
വയനാട്ടിലെ പുനരധിവാസ വിഷയത്തില്‍ സംസ്ഥാനത്തിന് ധനസഹായം നല്‍കില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കി 3 മാസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണ് കേന്ദ്രത്തിന്റേത്.
ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് സഹായത്തിനും പുനരധിവാസത്തിനും മറ്റ് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നാണ്. എന്നാല്‍ കേന്ദ്രം നല്‍കുന്ന മറുപടയില്‍ നിന്ന് വ്യക്തമാകുന്നത് പ്രധാനമന്ത്രി നല്‍കിയത് വെറും പാഴ്‌വാക്കാണെന്നാണ്.
പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കിയതെന്നാണു വിവരം. 2024 ഏപ്രില്‍ 1 വരെ 394 കോടി രൂപ എസ്ഡിആര്‍എഫില്‍ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടാതെതന്നെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി മനസ്സിലാക്കാന്‍ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നുവെന്നും അവരുടെ റിപ്പോര്‍ട്ടിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നുമാണ് പറയുന്നത്.