
കൊച്ചി: തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഇന്നലെ തിരിച്ചുകയറി. പവൻ വില 80 രൂപ വർദ്ധിച്ച് 55,560 കോടി രൂപയിലെത്തി. ഗ്രാമിന്റെ വില പത്ത് രൂപ ഉയർന്ന് 6,945 രൂപയിലെത്തി. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം സ്വർണം കനത്ത വില്‌പ്പന സമ്മർദ്ദമാണ് നേരിട്ടത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതാണ് കഴിഞ്ഞ രണ്ട് വാരങ്ങളിൽ സ്വർണ വില കുത്തനെ ഇടിച്ചത്. ഒക്‌ടോബർ 31ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലമായ 59,640 രൂപയിലെത്തിയ പവൻ വില രണ്ടാഴ്‌ചയ്ക്കിടെ 4,160 രൂപ ഇടിഞ്ഞതിന് ശേഷമാണ് നേരിയ വർദ്ധന നേടിയത്.
രാജ്യാന്തര വിപണിയിൽ സ്വർണ വില കഴിഞ്ഞ ദിവസം ഔൺസിന് 2,555 ഡോളർ വരെ താഴ്ന്നിരുന്നു.
എന്നാൽ വില കുത്തനെ കുറഞ്ഞതോടെ ജുവലറികളിൽ ചെറുകിട ഉപഭോക്താക്കൾ വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചതോടെ വിപണിയിൽ ഉണർവ് ദൃശ്യമായി. മൂന്ന് വർഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിവാര ഇടിവാണ് സ്വർണ വിലയിൽ കഴിഞ്ഞ ആഴ്‌ചയിലുണ്ടായത്.