palakkad

പാലക്കാട്: വാശിയേറിയ ത്രികോണമത്സരമാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം, തുടര്‍ന്നുള്ള പടിയിറക്കങ്ങള്‍, പുറത്തുവന്ന കത്തുകള്‍, കെപിഎം റെസിഡന്‍സി ഹോട്ടലിലെ നീല ട്രോളി ബാഗും പാതിരാത്രിയിലെ റെയ്ഡും വിവാഹ വേദിയിലെ ഷേക്ക് ഹാന്‍ഡും എന്നിങ്ങനെ വിവാദങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത പ്രചാരണകാലമാണ് രാഷ്ട്രീയ കേരളത്തിന് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സംഭാവന ചെയ്തത്.

മണ്ഡലത്തിലെ വോട്ടര്‍മാരെ എത്രത്തോളം ഈ വിവാദങ്ങള്‍ ബാധിച്ചുവെന്നും ജനങ്ങള്‍ക്കിടയില്‍ ഇത് എങ്ങനെ ചര്‍ച്ചയായി എന്നുമാണ് കേരളകൗമുദി ഓണ്‍ലൈന്‍ പരിശോധിച്ചത്. മണ്ഡലത്തിലെ നിരവധി സ്ഥലങ്ങളിലെ വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചതും.

'മൂന്ന് മുന്നണിയിലും പ്രശ്നങ്ങളുണ്ട്'

സ്ഥാനാര്‍ത്ഥിയായി മുന്‍ എംഎല്‍എ തന്റെ നോമിനിയെ പാലക്കാട് മത്സരിപ്പിക്കുന്നുവെന്നതാണ് കോണ്‍ഗ്രസില്‍ ആദ്യം ഉയര്‍ന്ന ആരോപണം. ഇതില്‍ വിയോജിപ്പ് പരസ്യമാക്കി കോണ്‍ഗ്രസ് ഐടി സെല്‍ തലവന്‍ പി.സരിന്‍ പാര്‍ട്ടി വിട്ടു. പിന്നാലെ എകെ ഷാനിബും മറ്റ് ചില പ്രാദേശിക നേതാക്കളും പാര്‍ട്ടി വിട്ടു. ഡിസിസി നേതൃത്വത്തിനും രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വീകാര്യനായിരുന്നില്ല. ഡിസിസി പ്രസിഡന്‍് തന്നെ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. അല്ലെങ്കില്‍ കെ മുരളീധരന്‍ മത്സരിക്കണം എന്നാവശ്യപ്പെട്ടുള്ള കത്തും എഐസിസിക്ക് കൈമാറിയിരുന്നു പക്ഷേ സഥാനാര്‍ത്ഥിയായി ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വന്നു.

കോണ്‍ഗ്രസ് വിട്ട സരിന് സിപിഎം രാഷ്ട്രീയ അഭയം നല്‍കുകയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. പലപ്പോഴും സരിന്‍ നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടി നിലപാടല്ലെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് തിരുത്തേണ്ടി വന്നു. അപ്പോള്‍ അവിടേയും പ്രശ്നങ്ങളുണ്ട്. സിപിഎമ്മിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആളില്ലേ എന്ന ചോദ്യം വോട്ടര്‍മാരിലെ ഇടത് അനുഭാവികള്‍ തന്നെ ചോദിക്കുന്നുണ്ട്. ബിജെപിക്ക് വോട്ട് മറിക്കാന്‍ സിപിഎം നടത്തിയ മറയാണ് സരിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ ഐടി സെല്‍ തലവനായിരുന്ന സരിന് കോണ്‍ഗ്രസില്‍ നിന്ന് വോട്ട് ലഭിക്കുമെന്നും വോട്ടര്‍മാര്‍ പറയുന്നു. സരിന്‍ ചോദ്യം ചെയ്ത കാര്യങ്ങളില്‍ സമാനമായ അഭിപ്രായമുള്ള നിരവധിപേര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യില്ല. ഷാഫി പറമ്പില്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നുവെന്നും മറ്റൊരാളെയും ജില്ലയില്‍ വളര്‍ന്നുവരാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണവും രാഹുലിനെ ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് വോട്ടര്‍മാരില്‍ ഒരു വിഭാഗം പറയുന്നത്. ഇന്നലെ വരെ സിപിഎം നേതാക്കളേയും മുഖ്യമന്ത്രി പിണറായ വിജയനേയും കുറ്റംപ്പറഞ്ഞിരുന്ന ഒരാള്‍ക്ക് സഖാക്കള്‍ മുഴുവനായും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്ന അഭിപ്രായവും വോട്ടര്‍മാര്‍ക്കിടയിലുണ്ട്.

രാഹുലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ക്കിടയിലുള്ളത് സമ്മിശ്രിത പ്രതികരണമാണ്. സ്വന്തം ജില്ലയില്‍ തന്നെ മത്സരിക്കണം എന്ന നിയമമൊന്നുമില്ലല്ലോയെന്ന അഭിപ്രായമാണ് ഭൂരിഭാഗം ആളുകള്‍ക്കും. എന്നാല്‍ പാലക്കാട് നിന്ന് ഷാഫി പറമ്പിലിനെ വടകരയ്ക്ക് കൊണ്ടുപോയതില്‍ വിയോജിപ്പുള്ള വോട്ടര്‍മാരുമുണ്ട്. കടുത്ത മത്സരം വിജയിച്ച് വന്ന ഒരു നേതാവിനെ ഇവിടെ നിന്ന് മാറ്റിയത് എന്തിനാണെന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നു. ഷാഫിയുടെ സാന്നിദ്ധ്യം രാഹുലിന് ഗുണം ചെയ്യുമെന്ന് പറയുമ്പോഴും പാലക്കാട് മണ്ഡലത്തെ ഷാഫി ഉപേക്ഷിച്ച് പോയതിനാല്‍ ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് പറയുന്ന ചുരുക്കം ചില വോട്ടര്‍മാരുമുണ്ട്.

ബിജെപിയുടെ കാര്യത്തിലേക്ക് വന്നാല്‍ നഗരസഭയുടെ മുന്‍ വൈസ്ചെയര്‍മാനായ സി കൃഷ്ണകുമാര്‍ പാലക്കാട് ജില്ലയില്‍ ബിജെപിക്ക് അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയാണ്. എന്നാല്‍ 2019,2024 ലോക്സഭ തിരഞ്ഞെടുപ്പുകളിലും 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും മതസരിച്ച കൃഷ്ണകുമാറിന്റെ അഞ്ചാമത്തെ മത്സരമാണിത്. സന്ദീപ് വാര്യരെ പോലെ ചെറുപ്പക്കാരായ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുള്ള ഒരാളുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൃഷ്ണകുമാറിനെ ബാധിക്കുമോയെന്ന് വോട്ടെണ്ണുമ്പോള്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളൂ.

കെപിഎമ്മിലെ പാതിരാത്രി റെയ്ഡ്

പാലക്കാട് കെപിഎം റെസിഡന്‍സി ഹോട്ടലില്‍ നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്നും അനധികൃത പണമിടപാട് നടത്തിയെന്ന ആരോപണത്തേയും രാഷ്ട്രീയ ആരോപണത്തിനപ്പുറമൊന്നായി ജനങ്ങള്‍ കാണുന്നില്ല. തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പണമിടപാട് നടത്തുന്നതല്ലേ എന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്. ഈ വിഷയം കോണ്‍ഗ്രസിനെ ബാധിക്കുമെന്നും, സിപിഎം അധികാരവും പൊലീസിനേയും ഉപയോഗിച്ച് നടത്തിയ നടകമാണെന്ന അഭിപ്രായമുള്ളവരും കുറവല്ല.

ഒരു രാഷ്ട്രീയ സംഭവം എന്നതിലപ്പുറം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മൂന്ന് മുന്നണികളും നീല നിറത്തിലുള്ള ആ ട്രോളി ബാഗിനെ ഉപയോഗിക്കുന്നില്ലെന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. കോണ്‍ഗ്രസ് സിപിഎം ഡീലെന്ന് ബിജെപിയും, ബിജെപി- സിപിഎം സംയുക്ത തിരക്കഥയെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നതിലപ്പുറം ഒരു ചര്‍ച്ചയും വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല.

വോട്ടര്‍മാര്‍ക്കിടയിലെ ഈ ചിന്താഗതി മനസ്സിലാക്കി തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് ചര്‍ച്ച ചെയ്യാതിരിക്കുന്നതും

പാതിരാ റെയ്ഡ് കോണ്‍ഗ്രസിലെ ഒത്തൊരുമിപ്പിന് കാരണമായെന്നും പ്രചാരണം ശക്തമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായി എന്ന അഭിപ്രായവും വോട്ടര്‍മാര്‍ക്കിടയിലുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജയം എളുപ്പമല്ലെന്നും കോണ്‍ഗ്രസ് ആ സംഭവത്തോടെ മനസ്സിലാക്കിയെന്നും തൊട്ടടുത്ത ദിവസം മുതലുള്ള പ്രചാരണത്തില്‍ അത് കാണാന്‍ കഴിഞ്ഞുവെന്നും വോ്ട്ടര്‍മാര്‍ പറയുന്നു.

മണ്ഡലത്തിലെ വികസനം

പാലക്കാട് നഗരസഭയും മാത്തൂര്‍, പിരായിരി, കണ്ണാടി എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. നഗര - ഗ്രാമ മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാണ്. വിവാദങ്ങള്‍ രാഷ്ട്രീയമായി മാത്രം നിലനില്‍ക്കുന്നതാണെന്ന അഭിപ്രായമാണ് വോട്ടര്‍മാര്‍ പങ്കുവയ്ക്കുന്നത്. ഗ്രാമീണ മേഖലയിലേക്ക് വന്നാല്‍ കുടിവെള്ള പ്രശ്നവും കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങളുമാണ് വോട്ടര്‍മാര്‍ ഉന്നയിക്കുന്നത്. മെച്ചപ്പെട്ട റോഡ് സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

നഗര മേഖലയിലേക്ക് വന്നാല്‍ പാലക്കാട് ടൗണ്‍ ഹാള്‍, റോഡുകളുടെ വീതികുറവ്, സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന്‍, പാലക്കാട് സ്റ്റേഡിയത്തിന്റെ വികസനം, ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം, യുവാക്കള്‍ക്ക് തൊഴില്‍ കിട്ടുന്ന സംവിധാനങ്ങളുടെ കാര്യത്തില്‍ മണ്ഡലത്തിലെ അപര്യാപ്തത തുടങ്ങിയവയാണ് ചര്‍ച്ചാ വിഷയം.