pic

എൻ. പി.പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം

കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഇ‌ടതുപക്ഷ സഖ്യമായ നാഷണൽ പീപ്പിൾസ് പവറിന് (എൻ.പി.പി) മൂന്നിൽ രണ്ട് ഭൂരിപക്ഷം. 225 സീറ്റിൽ 159ഉം എൻ.പി.പി നേടി. ശ്രീലങ്കയിൽ ആദ്യമായാണ് ഒരു രാഷ്‌ട്രീയ പാർട്ടി പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നത്. എൻ.പി.പി സഖ്യത്തിന് 62% വോട്ട് ലഭിച്ചു. ദിസനായകെയുടെ മാർക്‌സിസ്റ്റ് ചായ്‌വുള്ള ജനതാ വിമുക്തി പെരമുന പാർട്ടി (ജെ.വി.പി) ഉൾപ്പെടുന്നതാണ് എൻ.പി.പി.

പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ സമാഗി ജന ബലവേഗയ (എസ്.ജെ.ബി) 40 സീറ്റിൽ ഒതുങ്ങി. വർഷങ്ങളോളം ലങ്ക ഭരിച്ച രാജപക്‌സെ കുടുംബത്തിന്റെ ശ്രീലങ്ക പൊതുജന പെരമുനയ്ക്കും (എസ്.എൽ.പി.പി) മുൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുടെ ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ടിനും (എൻ.ഡി.എഫ്) വിരലിൽ എണ്ണാവുന്ന സീറ്റുകൾ മാത്രം.

തമിഴ് ആധിപത്യ ജാഫ്നയിലും ജെ.വി.പി സഖ്യം വമ്പൻ വിജയം നേടി. 1948ൽ ശ്രീലങ്ക സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് സിംഹള ദേശീയതയുള്ള ഏതെങ്കിലും പാർട്ടി ജാഫ്നയിൽ ജയിക്കുന്നത്.

ജാഫ്ന ഉൾപ്പെടെ വടക്ക്, കിഴക്കൻ മേഖലകളിലെ തമിഴ് മുസ്ലീം ന്യൂനപക്ഷങ്ങൾ ദിസനായകെയെ പിന്തുണച്ചു. പുതിയ പാർലമെന്റ് 21ന് ചേരും.

ഭരണഘടന പൊളിച്ചെഴുതും ?

പ്രസിഡൻഷ്യൽ ഭരണ സംവിധാനം നിറുത്തി പാർലമെന്റിനെ ശാക്തീകരിക്കാൻ ഭരണഘടാ ഭേദഗതിയാണ് ദിസനായകെ ലക്ഷ്യമിടുന്നത്. ഇതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഒരു വ്യക്തിയിൽ അധികാരം കേന്ദ്രീകരിക്കുന്ന എക്സിക്യൂട്ടീവ് പ്രസിഡൻസി

സ്വേച്ഛാധിപത്യത്തിനും അഴിമതിക്കും കാരണമാകുമെന്നും ജനാധിപത്യ മാനദണ്ഡങ്ങളെ മറികടക്കുമെന്നും ദിസനായകെ മുമ്പ് ആരോപിച്ചിരുന്നു.

എക്‌സിക്യൂട്ടീവ് പ്രസിഡൻസി നീക്കി, എക്‌സിക്യൂട്ടീവ് അധികാരങ്ങളില്ലാതെ പ്രസിഡന്റിനെ പാർലമെന്റ് നിയമിക്കാൻ വഴിയൊരുക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്‌തിരുന്നു. ഇതിനായി പൊതുചർച്ചയും ഹിതപരിശോധനയും നടത്തി ഭരണഘടന ഭേദഗതി ചെയ്യുമെന്നും പറയുന്നു.

എക്സിക്യൂട്ടിവ് പ്രസിഡൻസി

പ്രസിഡന്റിനെ അഞ്ച് വർഷത്തേക്ക് ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു. രാഷ്‌ട്രത്തലവനും ഭരണത്തലവനും പ്രസിഡന്റാണ്. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കാനും പുറത്താക്കാനും അധികാരം. മന്ത്രിസഭയുടെ തലവനും പ്രസിഡന്റ്. ചുരുക്കത്തിൽ സർവാധികാരി. പാർലമെന്റിന് ഇംപീച്ച്മെന്റിലൂടെ മാത്രമേ പ്രസിഡന്റിനെ പുറത്താക്കാനാവൂ.

# മന്ത്രിസഭ വിപുലീകരിക്കും

ദിസനായകെ സെപ്തംബർ 23ന് അധികാരമേറ്റു

 പിന്നാലെ പാർലമെന്റ് പിരിച്ചുവിട്ടു

 എൻ.പി.പിക്ക് പാർലമെന്റിൽ 3 അംഗങ്ങൾ മാത്രം

 അതിൽ ഹരിണി അമരസൂര്യയെ പ്രധാനമന്ത്രിയാക്കി. ഹരിണി അടക്കം മൂന്ന് എം.പിമാർ മാത്രമുള്ള മന്ത്രിസഭ. ചരിത്രത്തിലെ ഏറ്റവും ചെറിയ ക്യാബിനറ്റ്

 ഇനി പുതിയ വിശാല മന്ത്രിസഭ നിലവിൽ വരും

# ശക്തമായ ഭൂരിപക്ഷം

1. മൂന്നിൽ രണ്ട് ഭൂരിപക്ഷം പരിഷ്കാരങ്ങൾ നടപ്പാക്കാൻ സഹായിക്കും

2. നികുതി വെട്ടിക്കുറയ്ക്കും,​ ദാരിദ്ര്യം തുടച്ചുനീക്കും തുടങ്ങിയ വാഗ്ദാനങ്ങൾ

3. എക്സിക്യൂട്ടീവ് പ്രസിഡൻസി നിറുത്തലാക്കാനുള്ള അധികാരം കൈവന്നു

4. ജീവിത നിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ജനം

# ഫലം

സീറ്റ് - 225

കേവല ഭൂരിപക്ഷം - 113

(പാർട്ടി, നേതാവ്, സീറ്റ് എന്ന ക്രമത്തിൽ)

 എൻ.പി.പി (ദിസനായകെ) - 159

 എസ്.ജെ.ബി (സജിത് പ്രേമദാസ) - 40

 എൻ.ഡി.എഫ് (റെനിൽ വിക്രമസിംഗെ) - 5

 എസ്.എൽ.പി.പി (മഹിന്ദ രാജപക്‌സ) - 3

 മറ്റുള്ളവർ - 18