s

രഞ്ജിയിൽ ഒരിന്നിംഗ്സിൽ 10 വിക്കറ്റും സ്വന്തമാക്കി ഹരിയാനയുടെ കാംബോജ്

പ്രകടനം കേരളത്തിനെതിരെ

റോത്തക്ക്: രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സിലെ പത്ത് വിക്കറ്രും സ്വന്തമാക്കി ചരിത്രമെഴുതി ഹരായാന പേസർ അൻഷുൽ കാംബോജ്. ലഹിലിയിൽ ബൻസി ലാൽ സ്റ്റേഡിയത്തിൽ ഇന്നലെ ഷോൺ റോജറെ (42) പുറത്താക്കിയാണ് കാംബോജ് പത്ത് വിക്കറ്റ് കുറിച്ചത്. രഞ്ജിയിൽ ഒരിന്നിംഗ്സിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് 23കാരനായ കാംബോജ്. ഈ നൂറ്റണ്ടിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ പത്ത് വിക്കറ്ര് നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരവുമാണ് കാംബോജ്.

30.1 ഓവറിൽ 9 മെയ്ഡനുൾപ്പെടെ 49 റൺസ് വഴങ്ങിയാണ് ഹരിയാനയിലെ കർനാൽ സ്വദേശിയായ കാംബോജിന്റെ പത്തരമാറ്റ് പ്രകടനം. 4 ക്യാച്ചുകൾ വിക്കറ്റ് കീപ്പർ കപിൽ ഹൂഡ കൈയിൽ ഒതുക്കിയപ്പോൾ മൂന്ന് പേരെ കാംബോജ് ക്ലീൻബൗൾഡാക്കി.

കേരളത്തിന് മേൽക്കൈ

285/8 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം 291റൺസിന് ഓൾഔട്ടായി. ബേസിൽ തമ്പിയെ (4) ക്ലീൻബൗൾഡാക്കിയ കാംബോജ് ഷോൺ റോജറെ വിക്കറ്റ് കീപ്പർ ഹൂഡയുടെ കൈയിൽ എത്തിച്ചാ
ണ് കേരളത്തിന്റെ ഇന്നിംഗ്സിന് തിരശീലയിട്ടത്. എന്നാൽ തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഹരിയാനയെ കേരള ബൗളർമാർ എറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 139/7 എന്ന നിലയിലാണ് ഹരിയാന. കേരളത്തിനായി നിധീഷ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നിഷാന്ത് സിന്ധുവും (27), ജയന്ത് യാദവുമാണ് (1) ക്രീസിൽ.

രഞ്ജിയിൽ ഒരിന്നിംഗ്സിലെ 10 വിക്കറ്റ് നേട്ടം

10/20- പ്രേമാൻഷു ചാറ്റർജി (ബംഗാൾ)-അസമിനെതിരെ 1956/57

10/78- പ്രദീപ് സുന്ദരം (രാജസ്ഥാൻ) - വിദർഭയ്ക്കെതിര 1985/86

10/49- അൻഷുൽ കാംബോജ് (ഹരിയാന)- കേരളത്തിനെതിരെ 2024/25