
സഞ്ജുവിനും തിലകിനും സെഞ്ച്വറി
ജോഹന്നാസ്ബർഗ്: സഞ്ജു സാംസണും തിലക് വർമയും തകർപ്പൻ സെഞ്ച്വറികളുമായി സംഹാര താണ്ഡവമാടിയ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 135 റൺസിന്റെ കൂറ്റൻ ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ (3-1). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 283 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ 148 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്കായി അർഷ്ദീപ് മൂന്നും വരുൺ ചക്രവർത്തി അക്ഷർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. ട്രിസ്റ്റൻ സ്റ്റബ്സ് (43), ഡേവിഡ് മില്ലർ (36) മാർക്കോ ജാൻസൺ (പുറത്താകാതെ 12 പന്തിൽ 29) എന്നിവർക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ.
നേരത്തേ അടിച്ചു തകർത്ത സഞ്ജു 56 പന്തിൽ 6 ഫോറും 9 സിക്സും ഉൾപ്പെടെ പുറത്താകാതെ 109 റൺസും തിലക് 47 പന്തിൽ 9 ഫോറും 10 സിക്സും ഉൾപ്പെടെ പുറത്താകാതെ 120റൺസുമാണ് നേടിയത്.
വാണ്ടറേഴ്സ് മൈതാനത്ത് ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവും അഭിഷേക് ശർമ്മയും (18 പന്തിൽ 36) വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്.5.5 ഓവറിൽ ഇരുവരും 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.അഭിഷേകിനെ വിക്കറ്റ്കീപ്പർ ക്ലാസ്സന്റെ കൈയിൽ എത്തിച്ച് ലുത്തോ സിപ്ലാമയാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ തുടർന്നെത്തിയ തിലകും സഞ്ജുവിനൊപ്പം അടിച്ച് തകർത്തതോടെ ഇന്ത്യൻ സ്കോർ റോക്കറ്റ് പോലെ കുതിച്ചു. തകർക്കപ്പെടാത്ത രണ്ടാം വിക്കറ്റിൽ 86 പന്തിൽ 210 റൺസിന്റെ റെക്കാഡ്കൂട്ടുകെട്ടാണ് ഇരുവരുമുണ്ടാക്കിയത്.
റെക്കാഡുകൾ
3
- സഞ്ജു ഈ വർഷം 3 സെഞ്ച്വറി നേടി. അന്താരാഷ്ട്ര ട്വന്റി-20യിൽ ഒരുകലണ്ടർവർഷം ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം.
2
-അന്താരാഷ്ട്ര ട്വന്റി-20യിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി തിലക്. ഒന്നാമൻ സഞ്ജു.
210
- ട്വന്റി-20യിൽ ഏത് വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും മികച്ച പാർട്ണർഷിപ്പാണ് സഞ്ജുവും തിലകും സൃഷ്ടിച്ചത്. ട്വന്റി-20യിൽ രണ്ടാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.
ഫുൾമെമ്പർ ടീമുകൾ തമ്മിലുള്ള ട്വന്റി-20യിൽ ഒരിന്നിംഗ്സിൽ 2 സെഞ്ച്വറി പിറക്കുന്ന ആദ്യമത്സരം കൂടിയാണിത്.
283/1
-ട്വന്റി-20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ടോട്ടൽ
23
-സിക്സുകളാണ് മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ അടിച്ചത്. ഫുൾമെമ്പർ ടീമുകൾ തമ്മിലുള്ള ഒരു ട്വന്റി-20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ രാജ്യമായി ഇന്ത്യ.
135
-ട്വന്റി-20യിൽ റൺസ് അടിസ്ഥാനത്തിൽ ദക്ഷിണാഫ്രക്കയുടെ ഏറ്റവും വലിയ തോൽവി.
86
-ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് മത്സരത്തിൽ സ്റ്റബ്സും മില്ലറും കുറിച്ചത്.