pm-modi-

ന്യൂഡൽഹി: ബിഹാറിലെ പരിപാടിയിൽ പങ്കെടുക്കാൻ ജാർഖണ്ഡിലെ ദിയോഘർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് സാങ്കേതിക തകരാർ. പരിപാടിയിൽ പങ്കെടുത്ത് ഡൽഹിക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് തകരാറുണ്ടായത്. തുടർന്ന് പ്രധാനമന്ത്രി മറ്റൊരു വിമാനത്തിൽ യാത്ര തുടർന്നു.

ബിഹാറിലെ ജാമുയിയിൽ ബിർസ മുണ്ടയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ദിയോഘറിൽ എത്തിയത്. അവിടെ വിമാനമിറങ്ങി ഹെലികോപ്ടറിലാണ് ജാമുയിലേക്ക് പോയത്. തിരിച്ചെത്തി വിമാനത്തിൽ കയറിയെങ്കിലും സാങ്കേതിക തകരാറു മൂലം ടേക്ക് ഓഫ് ചെയ്യാൻ കഴിഞ്ഞില്ല. തകരാറ് പരിഹരിക്കാൻ കഴിയാതിരുന്നതോടെ പ്രധാനമന്ത്രി മറ്റൊരു വിമാനത്തിൽ ഡൽഹിക്ക് മടങ്ങി.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ദിയോഘർ വിമാനത്താവള മേഖലയിൽ ആകാശത്ത് മറ്റ് വിമാനങ്ങൾക്കും ഹെലികോപ്ടറുകൾക്കുX നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ യാത്ര വൈകിയത് മറ്റ് വിമാന സർവീസുകളെയും ബാധിച്ചു. ജാർഖണ്ഡിൽ റാലിക്കെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ജെ.എം.എം നേതാവ് കൽപ്പന സോറന്റയും ഹെലികോപ്ടറുകൾക്ക് അനുമതി നൽകാത്തതും പ്രതിഷേധത്തിനിടയാക്കി. ഗോഡ്ഡ ജില്ലയിലെ മെഹർമയിൽ റാലിയിൽ പങ്കെടുത്ത ശേഷം മടങ്ങാനിരുന്ന രാഹുലിന്റെ ഹെലികോപ്ടർ പറക്കാൻ അനുവദിച്ചില്ല. 70 വർഷം കോൺഗ്രസ് രാജ്യം ഭരിച്ചപ്പോൾ, ഇത്തരം സംഭവങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് മഹാഗാമ എം.എൽ.എയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ദീപിക പാണ്ഡെ സിംഗ് അഭിപ്രായപ്പെട്ടു.