
ജൊഹാനസ്ബര്‍ഗ്: വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ കത്തിപ്പടര്‍ന്ന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ട്വന്റി 20 കരിയറിലെ തന്റെ മൂന്നാം സെഞ്ച്വറിയും ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വറിയുമാണ് താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കുറിച്ചത്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നാണ് ഈ മൂന്ന് സെഞ്ച്വറികളും പിറന്നത് എന്ന പ്രത്യേകതയുമുണ്ട്. 51 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും എട്ട് സിക്‌സറുകളും സഹിതമാണ് താരത്തിന്റെ നേട്ടം.
നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡര്‍ബനില്‍ സെഞ്ച്വറി കുറിച്ച താരം ഖ്വേബര്‍ഹയിലെ രണ്ടാം മത്സരത്തിലും സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട്‌സ് പാര്‍ക്കില്‍ നടന്ന മൂന്നാം മത്സരത്തിലും ഡക്കായി പുറത്തായിരുന്നു. രണ്ട് മത്സരങ്ങളിലും മാര്‍ക്കോ യാന്‍സെന്റ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ മികച്ച പ്രകടനങ്ങളെ പോലും മറികടന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയാണ് പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ താരം നല്‍കിയത്.
പതിയെ തുടങ്ങിയ താരം താളം കണ്ടെത്തിയതോടെ കത്തിപ്പടരുകയായിരുന്നു. 28 പന്തുകളില്‍ നിന്നാണ് സഞ്ജു സാംസണ്‍ അര്‍ദ്ധ സെഞ്ച്വറി കടന്നത്. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം സഞ്ജുവിന്റെ പിതാവ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മുന്‍ നായകന്‍മാര്‍ക്കെതിരെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് എതിരെയുമാണ് താരത്തിന്റെ പിതാവ് രംഗത്ത് വന്നത്.
ഇതിന് പിന്നാലെ സഞ്ചു രണ്ട് കളികളില്‍ തുടര്‍ച്ചയായി ഡക്കായപ്പോള്‍ താരത്തിന്റെ ആരാധകര്‍ പിതാവിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്തായാലും ഗ്രൗണ്ടിന് പുറത്തെ വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.