
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന മെഗാ ബഡ്‌ജറ്റ് ചിത്രം ബറോസിനായി ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. പലതവണ നീട്ടി വച്ച് ബറോസിന്റെ ത്രീഡി ട്രെയിലർ കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ സൂര്യ ചിത്രം കങ്കുവയ്ക്കിടെ പ്രദർശിപ്പിച്ചിരുന്നു. ചിത്രം ഡിസംബർ 25ന് ക്രിസ്മസ് റീലീസായി തിയേറ്ററുകളിലെത്തും എന്നാണ് ട്രെയിലറിൽ പറയുന്നത്. ഇപ്പോഴിതാ ബറോസിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ഫാസിൽ . സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് ഫാസിൽ പ്രഖ്യാപിച്ചത്.
ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാമോയെന്ന് മോഹൻലാൽ ചോദിച്ചു എന്ന് വീഡിയോയിൽ ഫാസിൽ പറയുന്നു, എന്നാൽ കൗതുകമെന്നോണം എപ്പോഴാണ് റീലിസെന്ന് മോഹൻലാലിനോട് ചോദിച്ചു. റിലീസ് 2024 ഡിസംബർ 25നാണ്, മോഹൻലാൽ റിലീസ് തീയതി പറഞ്ഞപ്പോൾ ഞാൻ വല്ലാതെ വിസ്മയിച്ചു. ഒരു മുൻധാരണയുമില്ലാതെയാണ് തീയതി തീരുമാനിച്ചതെങ്കിൽ മഹത്തരമായ ഒത്തുചേരലാണ്. ആകസ്മികമാണ്. പൊരുത്തമാണ്. ഗുരുകടാക്ഷമാണ്. ദൈവനിമിത്തമാണ് എന്നൊക്കെ അപ്പോൾ തനിക്ക് തോന്നിപ്പോയി. എന്റെ മോഹൻലാൽ മോഹൻലാലിനോട് പറഞ്ഞപ്പോൾ തന്നെക്കാൾ പതിന്മടങ്ങ് വിസ്മയിച്ചു. കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല അദ്ദേഹത്തിന്. ദൈവമേ എന്നു വിളിച്ചുപോയി. മോഹൻലാൽ സഹധർമ്മിണി സുചിത്രയെ വിളിക്കുന്നു. ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. ആന്റണി പെരുമ്പാവൂർ തന്നെ വിളിക്കുന്നു. എങ്ങനെ ഒത്തുചേർന്നു വന്നു എന്ന് തങ്ങൾക്ക് എല്ലാവർക്കും അദ്ഭുതമാണ്. ഇതാൺ് സംഗതി. മോഹൻലാലിനെ മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് മോഹൻലാലാക്കിയത്. മോഹൻലാൽ പിന്നീട് ചെയ്ത കാലാതീതമായ ചിത്രമാണ് മണിച്ചിത്രത്താൻഴ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തത് ഡിസംബർ 25ന് ആയിരുന്നു. അത് 1980 ഡിസംബർ 25ന്. മണിച്ചിത്രത്താഴ് 1993 ഡിസംബർ 25. ബറോസിന്റെ റിലീസും മറ്റൊരു 25ന്. ഇതൊക്കെ ദൈവകൃപയാണെന്ന് പറയുകയാണ് ഫാസിൽ
അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിന് ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, മോഹൻ ശർമ്മ, തുഹിൻ മേനോൻ എന്നിവർക്കൊപ്പം വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും ബറോസിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം സന്തോഷ് ശിവൻ. മാർക് കിലിയനാണ് പശ്ചാത്തലസംഗീതം.