murder

കിളിമാനൂര്‍: അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം.പേടികുളം ഉലങ്കത്തറ ക്ഷേത്രത്തിന് സമീപം കാട്ടുവിള വീട്ടില്‍ ബാബുരാജാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ഓടെ വീടിന് സമീപത്തായിരുന്നു സംഭവം. ചൂള തൊഴിലാളിയായ ബാബുരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോള്‍ അയല്‍വാസിയായ സുനില്‍ കുമാര്‍ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

മദ്യലഹരിയിലായിരുന്ന പ്രതി പ്രദേശവാസികള്‍ക്ക് സ്ഥിരം ശല്യക്കാരനാണന്നും മദ്യപിച്ച് കഴിഞ്ഞാല്‍ റോഡിലൂടെ പോകുന്നവരെ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നത് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. ബാബുരാജിന്റെ കുടുംബവും സുനില്‍ കുമാറിന്റെ കുടുംബവുമായി യാതൊരു മുന്‍ വൈരാഗ്യമോ, പിണക്കമോയില്ലന്നും ബന്ധുക്കള്‍ പറയുന്നു.

മദ്യപിച്ചാല്‍ ശല്യക്കാരനായ പ്രതിയുടെ ഭാര്യയും മക്കളും സമീപത്തുള്ള കുടുംബ വീട്ടിലാണ് കഴിയുന്നത്. മദ്യലഹരിയിലായിരുന്ന പ്രതിയെ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രമീളയാണ് ബാബുരാജിന്റെ ഭാര്യ. മക്കള്‍: രേവതി,ചിഞ്ചു.