
ജൊഹന്നാസ്‌ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വിന്റി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ സിക്‌സർ ദേഹത്ത് പതിച്ച ഗാലറിയിലിരുന്ന യുവതിക്ക് പരിക്ക്. പരമ്പരയിൽ തുടർച്ചയായ രണ്ട് ഡക്കുകൾക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ താരം, അർദ്ധസെഞ്ച്വറി പിന്നിട്ട് മുന്നേറുന്നതിനിടെയാണ് സംഭവം. ട്രിസ്റ്റൻ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജുവിന്റെ സിക്‌സർ യുവതിയുടെ ദേഹത്ത് പതിച്ചത്.
സ്റ്റബ്‌സിന്റെ ഓവർ ആരംഭിക്കുമ്പോൾ 27 പന്തിൽ 46 റൺസുമായി സഞ്ജുവായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ ലോംഗ് ഓണിന് മുകളിലൂടെ സിക്‌സർ പറത്തി സഞ്ജു അർദ്ധസെഞ്ച്വറി പൂർത്തിയാക്കി. അടുത്ത പന്തും സിക്‌സർ ആയിരുന്നു. ഇതിനിടെ ഗാലറിയിലെ ആൾക്കൂട്ടത്തിലേക്ക് വീണ പന്ത് സുരക്ഷാ ജീവനക്കാരന്റെ ദേഹത്ത് തട്ടി യുവതിയുടെ മുഖത്ത് പതിച്ചത്.
പന്ത് മുഖത്ത് പതിച്ചതിന്റെ വേദനയിൽ കണ്ണീരോടെ നിന്ന യുവതിക്ക് സമീത്ത് നിന്നും ആരോ ഐസ് പാക്ക് എത്തിച്ചുകൊടുത്തു. ഐസ് പാക്ക് മുഖത്തോട് ചേർത്ത് വച്ച് കരയുന്ന യുവതിയുടെ ദൃശ്യം മത്സരം സംപ്രേക്ഷണം ചെയ്‌ത ചാനലുകളിൽ കാണിക്കുന്നുണ്ടായിരുന്നു. ഇത് സമൂമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായി. യുവതിക്ക് പരിക്കേറ്റെന്ന് മനസിലായ സഞ്ജു ക്ഷമാപണ രൂപത്തിൽ കയ്യുയർത്തുന്നതും ദൃശ്യങ്ങളിൽ കാണാം.