
ബറേലി: ബോളിവുഡ് നടി ദിഷ പതാനിയുടെ പിതാവിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. റിട്ടയർഡ് എസ്പിയായ ജഗ്ദീഷ് സിംഗ് പതാനിയിൽ നിന്നും അഞ്ചംഗ സംഘം പണം തട്ടിയെടുത്തുവെന്നാണ് പരാതി. നടിയുടെ പിതാവിന് സർക്കാർ കമ്മീഷനിൽ ഉന്നത പദവി നൽകാമെന്ന് കബളിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം പുറത്തുവന്നത്.
ബറേലി കോട്വാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവേന്ദ്ര പ്രതാപ് സിംഗ്, ദിവാകർ ഗാർഗ്, ആചാര്യ ജയപ്രകാശ്, ഗുണ പ്രീതിടയക്കം അഞ്ച് പേർക്കെതിരെയാണ് കേസ്. ഇവർക്കെതിരെ വഞ്ചന,ഭീഷണിപ്പെടുത്തൽ, പണം തട്ടിയെടുക്കലടക്കമുളള കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബറേലിയിലെ സിവിൽ ലൈൻസ് പ്രദേശത്താണ് ജഗ്ദീഷ് താമസിക്കുന്നത്. ഇയാൾക്ക് ശിവേന്ദ്ര സിംഗിനെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും അതുവഴിയാണ് ദിവാകറിനെയും അചാര്യ ജയപ്രകാശിനെയും പരിചയപ്പെടുന്നതെന്നും പരാതിയിൽ പറയുന്നു. പ്രതികൾക്ക് ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടെന്ന് പറഞ്ഞ് നടിയുടെ പിതാവിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. ഇതിലൂടെ ജഗ്ദീഷിന് സർക്കാർ കമ്മീഷനിൽ വൈസ് ചെയർമാനായോ അല്ലെങ്കിൽ ഉന്നത സ്ഥാനം നൽകാമെന്നും പറഞ്ഞു. ഇത്തരത്തിൽ നടിയുടെ പിതാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ പണമായും 20 ലക്ഷം രൂപ മൂന്ന് ബാങ്കുകളുടെ ഇടപാടുകളിലൂടെയും കൈക്കലാക്കുകയും ചെയ്തു.
മൂന്ന് മാസം കഴിഞ്ഞിട്ടും സ്ഥാനം ലഭിച്ചില്ലെങ്കിൽ പണവും അതിന്റെ പലിശയും തിരികെ നൽകാമെന്ന് പ്രതികൾ നടിയുടെ പിതാവിനോട് പറഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ നിയമനം നടക്കാത്തതോടെ ജഗ്ദീഷ് പ്രതികളിൽ നിന്ന് തിരികെ പണം ആവശ്യപ്പെട്ടു. ഇതോടെ പ്രതികൾ നടിയുടെ പിതാവിനെ ഭീഷണിപ്പെടുത്താനും മോശമായി പെരുമാറാനും ആരംഭിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.