
പാലക്കാട്: ഉള്ളിലൊന്നുവച്ച് പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കുന്ന ശീലം പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിന് ഇല്ലെന്ന് ഭാര്യ സൗമ്യ സരിൻ. ഇന്നലെ നടന്ന പത്രസമ്മേളനത്തിനിടെ താൻ പിണങ്ങിപ്പോയെന്ന പ്രചാരണം തെറ്റാണെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'ഞാൻ കാണുന്ന കാലം മുതൽ ഉള്ളിലൊന്നുവച്ച് പുറത്ത് മറ്റൊരു സ്വഭാവം പ്രകടിപ്പിക്കുന്ന ആളല്ല സരിൻ. നമ്മുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന രീതിയായിരുന്നു, അതും മനഃപൂർവം പ്രകോപിപ്പിച്ചു. കാര്യങ്ങൾ മനസിലാക്കാതെയല്ല അവർ പ്രകോപിപ്പിച്ചതെന്നാണ് എനിക്ക് മനസിലായത്. അവർക്ക് കാര്യങ്ങൾ കൃത്യമായി അറിയാം. ഇരട്ടവോട്ടും ഞങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള അനാവശ്യ ശ്രമം അവിടെയുണ്ടായി. അത് സരിന്റെ രീതിയാണ്. സരിൻ പെട്ടെന്ന് പ്രതികരിക്കും. ഉള്ളിലൊന്നുവച്ച് മറ്റൊന്ന് പ്രകടിപ്പിക്കുന്ന രീതി സരിനില്ല. അത് സരിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്.
ഞാൻ എന്റെ കാര്യം പറഞ്ഞു. അതിനുശേഷം എനിക്കൊരു ഫോൺ കോൾ വന്നു. അത് ഞാൻ സരിനോട് ചെവിയിൽ പറഞ്ഞിട്ടാണ് ഇറങ്ങിയത്. ആ വീഡിയോ കണ്ടാൽ നിങ്ങൾക്കത് മനസിലാകും. എന്ത് ചെയ്താലും ഈ സോഷ്യൽ മീഡിയ മാനിപ്പുലേറ്റ് ചെയ്യും. പുറത്തുപോകേണ്ട ആവശ്യമുണ്ടായപ്പോൾ സരിനോട് അത് പറഞ്ഞിട്ടാണ് ആ രേഖകൾ എടുത്ത് അവിടെ നിന്ന് ഇറങ്ങിയത്. ഞങ്ങൾ വിളിച്ച ഒരു പത്ര സമ്മേളനത്തിൽ നിന്ന് എനിക്ക് ഇറങ്ങിപ്പോകേണ്ട കാര്യമുണ്ടോ?'- സൗമ്യ സരിൻ വ്യക്തമാക്കി.