
കിളിമാനൂർ: കോട്ടൂർ വനമേഖലയിൽ മാത്രം കണ്ടുവരുന്ന കാട്ടുപഴറ്റി മുതൽ എനാമ്പി എന്ന ആഫ്രിക്കൻ കദളി വരെ കാണണമെങ്കിൽ ഉണ്ണിക്കൃഷ്ണന്റെ വാഴത്തോട്ടത്തിൽ എത്തിയാൽ മതി. രണ്ടടി മുതൽ രണ്ടാൾ പൊക്കം വരെ ഉയരമുള്ള ആറു മാസം മുതൽ പത്തു മാസം വരെ ആകുമ്പോൾ കുലയ്ക്കുന്ന വിവിധ വാഴകൾ ഇവിടെയുണ്ട്.
നിലമേൽ വഴയിടം സരസ്വതി വിലാസത്തിൽ ഉണ്ണികൃഷ്ണന്റെ രണ്ട് ഏക്കർ സ്ഥലത്താണ് ഈ കൃഷിവൈവിദ്ധ്യം. ഇതിന് പുറമെ, വെള്ള മൊന്തൻ, റെഡ് കൊക്കൊലു , തായ്ലന്റ് ഹുക്ക്, കുക്കിംഗ് ബനാന, പഴങ്ങളുടെ രാജാവായ രാജാപുരി, കൃഷ്ണവാഴ, അമേരിക്കൻ കുള്ളൻ, റെഡ് ബുൾ ,ബ്ലൂ ജാവ, നംബ തുടങ്ങി വാഴയിലെ വൈവിദ്ധ്യങ്ങൾ എല്ലാം തന്നെ ഇവിടെ മുള പൊട്ടി നിൽക്കുന്നു.
ടാപ്പിംഗ് തൊഴിലാളിയായ ഉണ്ണിക്കൃഷ്ണന് വാഴ കൂടാതെ വ്യത്യസ്ത തരത്തിലുള്ള കപ്പ, ചേമ്പ്,കാച്ചിൽ,കരിമ്പ്, ഇഞ്ചി എന്നിവയും കൃഷി ചെയ്യുന്നു. ഇഞ്ചിയിൽ തന്നെ മഞ്ഞ,ചുവപ്പ്,കറുപ്പ് എന്നീ നിറങ്ങളിലുള്ളവയും വെള്ള,നീല നിറത്തിലുള്ള കപ്പയും ഇവിടെയുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും കൊറിയർ വഴി തൃശൂരിൽ വിത്തെത്തിച്ച് സുഹൃത്തുക്കൾ മുഖേനയാണ് ഉണ്ണിക്കൃഷ്ണൻ വാഴക്കന്നുകൾ ശേഖരിക്കുന്നത്. വിത്തുകൾക്ക് മൂവായിരം മുതൽ പതിനായിരം വരെയാണ് വില. ഭാര്യ ആശകുമാരിയും മക്കൾ ആദർശും അഭിജിത്തും ഉണ്ണിക്കൃഷ്ണന് സഹായത്തിനുണ്ട്.
കാട്ടുപ പഴറ്റി: കോട്ടൂർ വനമേഖലയിൽ മാത്രം കാണുന്ന ഇവ ആദിവാസികൾ മരുന്നിനായി ഉയോഗിക്കുന്നു
റെഡ്ബുൾ: സ്ക്വയർ ആകൃതിയിലുള്ള ഇതിന്റെ ഒരു വാഴയിൽ അഞ്ച് വാഴക്കുലകൾ വരെ ഉണ്ടാകും.
സാഫ് (കുക്കിംഗ് ബനാന): പഴുത്താലും കഴിക്കാൻ പറ്റാത്ത ഇവ പാചകം ചെയ്തു വേണം കഴിക്കാൻ.
ബ്ലൂജാവ: ജാവ ദ്വീപിൽ നിന്നും എത്തുന്ന നീല നിറത്തിലുള്ള ഇതിന്റെ പഴത്തിന് ഐസ്ക്രീം രുചിയാണ്.
നംബ: വർണ്ണ വൈവിദ്ധ്യമാണ് ഇതിന്റെ പ്രത്യേകത. കുല വരുമ്പോൾ വെള്ളയും, തുടർന്ന് പച്ച, ചുവപ്പ്, കാപ്പിപ്പൊടി കളറിലാകുന്നു.