sandeep-varier

പാലക്കാട്: ബിജെപിയിൽ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് സന്ദീപ് വാര്യർ. വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്‌ടറിയായി മാറി ബിജെപി. അതിൽ പെട്ടുപോവുകയായിരുന്നു താൻ. ജനാധിപത്യം മാനിക്കാത്ത, ഏകാധിപത്യം മാത്രം കാത്തു സൂക്ഷിക്കുന്ന പാർട്ടിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

മതേതരത്വം പറഞ്ഞതിന്റെ പേരിൽ ബിജെപി നേതൃത്വം തനിക്ക് വിലക്ക് കൽപ്പിച്ചു. ബിജെപിയിൽ നിന്ന് താൻ പറഞ്ഞതെല്ലാം ആ സംഘടനയ്‌ക്ക് വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നില്ല ഒന്നും. കോൺഗ്രസിലേക്ക് എത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും സുരേന്ദ്രൻ നടത്തുന്ന അഡ്‌ജസ്‌റ്റ്‌മെന്റുകളെ എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. കരുവന്നൂരും കൊടകരയും തമ്മിൽ പരസ്‌പരം വച്ചുമാറുന്നത് എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. ധർമ്മരാജന്റെ കോൾ ലിസ്‌റ്റിൽ പേരില്ലാതെ പോയി എന്നതാണ് താൻ ചെയ‌്ത കുറ്റം. ഇതൊക്കെ ഒരു കുറവാണെങ്കിൽ അത് അംഗീകരിച്ചുകൊണ്ട് ഇനി സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുകയാണെന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ചുകൊണ്ട് സന്ദീപ് വ്യക്തമാക്കി.

അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ഉൽപാദിപ്പിക്കുന്ന ഒരു ഫാക്‌ടറിയിൽ ഇത്രയും നാളും പ്രവർത്തിച്ചതിന്റെ ജാള്യതയാണ് എനിക്കിപ്പോൾ. യുഎപിഎ ചുമത്തിയ ശ്രീനിവാസൻ വധക്കേസിൽ 17 പ്രതികൾക്ക് ജാമ്യം കിട്ടി. പ്രതികൾക്ക് വേണ്ടി സുപ്രീം കോടതി വക്കീലാണ് ഹാജരായത്. ശ്രീനിവാസന് വേണ്ടി സുപ്രീം കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന ഒരു വക്കീൽ പോലും ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് സന്ദീപ് ചോദിച്ചു.

തന്നെ കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എഐസിസി നേതൃത്വത്തിനും സന്ദീപ് വാര്യർ നന്ദി അറിയിച്ചു.