
പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ സൈബർ ആക്രമണം. ഫേസ്‌ബുക്കിൽ സന്ദീപ് പങ്കുവച്ച ചിത്രത്തിന് താഴെയാണ് ബിജെപി അനുകൂലികൾ രൂക്ഷമായ ഭാഷയിൽ കമന്റിട്ടിരിക്കുന്നത്. അസഭ്യമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. എന്നാൽ, സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌തുകൊണ്ട് നിരവധി കോൺഗ്രസ് അനുകൂലികളും കമന്റ് ചെയ്‌തിട്ടുണ്ട്.
'കോൺഗ്രസ്സിൽ ചേരാനുള്ള തീരുമാനം നിനക്ക് ആത്മഹത്യാപരമായിരിക്കും എന്ന് വൈകാതെ മനസ്സിലാകും, സ്ഥാന മോഹങ്ങൾക്ക് വേണ്ടി നടക്കുന്നവനാണ് വാര്യർ എന്ന് മനസിലാക്കാൻ പ്രസ്ഥാനത്തിനും ഞങ്ങൾക്കും കഴിഞ്ഞില്ല, ഞാൻ താങ്കളുടെ കടുത്ത ആരാധകൻ ആയിരുന്നു പക്ഷെ ഇപ്പോൾ ചെയ്‌തത് കൊടും ചതിയാണ്, സന്ദീപ് ജി പകൽ മുഴുവൻ വെള്ളം കോരി അന്തിക്ക് കുടം ഉടച്ചു, എല്ലാ ബഹുമാനവും പോയി, ഈ സമയത്ത് ഇങ്ങനെ കാട്ടിയ നിങ്ങൾ യൂദാസാണ് ', തുടങ്ങി നിരവധി കമന്റുകളാണ് സന്ദീപിനെതിരെ വന്നിരിക്കുന്നത്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കൂടാരത്തിൽ നിന്നും സ്നേഹത്തിന്റെയും സഹനത്തിന്റെയും കമ്പോളത്തിലേക്ക് സ്വാഗതം എന്നാണ് കോൺഗ്രസ് അനുകൂലികൾ കമന്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ, ഇപ്പോഴും ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്നാണ് സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് ബയോയിൽ ഇപ്പോഴുമുള്ളത്.

അതേസമയം, സന്ദീപ് വാര്യർ ബിജെപി വിട്ടതിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരണവുമായി എത്തിയിരുന്നു. സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു. കോൺഗ്രസിൽ ചേരാൻ സന്ദീപ് തിരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.