a

അനന്തമജ്ഞാതം അവർണനീയം,​ ഈ ലോകഗോളം തിരിയുന്ന മാർഗം...! പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.പി. സരിനെ വയ്യാവേലിയെന്നും, ഇരുട്ടി വെളുക്കും മുമ്പ് സീറ്റിനായി മറുകണ്ടം ചാടിയവനെന്നും അധിക്ഷേപിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഇരുപത്തിനാലു മണിക്കൂറിനകം 'മറുകണ്ടം" ചാടി. ഉത്തമനായ ചെറുപ്പക്കാരൻ,​ ജനസേവനത്തിന്റെ മാതൃക,​ പാലക്കാടിന്റെ മഹാഭാഗ്യം,​ ഊതിക്കാച്ചിയ പൊന്ന്...! സരിനെ നിറുത്തി പുകഴ്ത്താൻ വാക്കുകൾ കിട്ടാതെ ഇ.പി വീർപ്പുമുട്ടി. പറഞ്ഞുപറഞ്ഞ് മന്ത്രി സജി ചെറിയാനെപ്പോലെ പാർട്ടിയുടെ 'കുന്തം, കൊടച്ചക്രം" എന്നൊക്കെ വിശേഷിപ്പിക്കാഞ്ഞത് ഭാഗ്യം.

'മനസാ വാചാ കർമ്മണാ" ഇ.പി എഴുതുകയോ ഉച്ചരിക്കുകയോ ചെയ്യാത്ത കാര്യങ്ങളാണത്രെ ആത്മകഥയിലെ ഭാഗങ്ങളെന്ന പേരിൽ പുറത്തു വന്നത്. അതും, ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം. രണ്ടാം പിണറായി സർക്കാർ ദുർബലവും,​ നവകേരള സദസ് അനാവശ്യവും,​ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം ജില്ലാ സെക്രട്ടറിമാരെയും എം.എൽ.എമാരെയും മത്സരിപ്പിച്ചത് ശരിയായില്ലെന്നും... അങ്ങനെ എന്തൊക്കെ അപഖ്യാതികളാണ് ഇ.പിയുടെ പേരിൽ പുറത്തുവന്നത്. ഡി.സി ബുക്സുകാർക്ക് ഈ പാതകം വേണമായിരുന്നോ!

വലിയ തടിമിടുക്കിന്റെ തിണ്ണബലമൊക്കെ പണ്ട് നിയമസഭയിൽ പാർട്ടിയോട് ഇടഞ്ഞ പഴയ ഗുരു എം.വി. രാഘവനോട് കാട്ടിയിട്ടുണ്ടെന്നത് ശരി. പക്ഷേ, കാണുന്നതു പോലെയല്ല; ആൾ പഞ്ച പാവമെന്ന് അടുത്തറിയുന്ന ചിലർ. ഇന്നു പറയുന്നത് നാളെ മാറ്റിപ്പറയുന്ന 'പഠിച്ച കള്ള"നെന്ന് പാർട്ടിയിലെ തന്നെ ശത്രുക്കൾ. പാർട്ടിക്കെതിരെ വെടി പൊട്ടിക്കാൻ പാർലമെന്റ് തിരഞ്ഞെടുപ്പിലെന്നതു പോലെ,​ ഉപതിരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പു ദിവസം തന്നെ തിരഞ്ഞെടുത്തത് കുറുക്കന്റെ സൂത്രമല്ലേ എന്നാണ് അവരുടെ ചോദ്യം. തടിയും നീളവും കൂടുതലുള്ള ചിലർക്ക് ബുദ്ധി കുറയുമെന്ന ഒരു സിനിമാ ഡയലോഗാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇത് ബുദ്ധി കുറഞ്ഞതല്ല; വക്രബുദ്ധിയാണെന്ന് മറ്റു ചിലർ.

പണ്ടത്തെപ്പോലെ കട്ടൻ ചായയും പരിപ്പുവടയും ഭക്ഷിച്ച് ജീവിക്കാൻ ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരെ കിട്ടില്ലെന്നാണ് ഇ.പിയുടെ പക്ഷം. പക്ഷേ, അത് തന്റെ ആത്മകഥയുടെ തലക്കെട്ടാക്കുന്നത് സ്വയം പരിഹസിക്കലല്ലേ എന്നാണ് ചോദ്യം. ആത്മകഥയുടെ ഇരുന്നൂറോളം പേജുകൾ എഴുതിയ ശേഷം,​ വാചകശുദ്ധി വരുത്താൻ പാർട്ടി പത്രത്തിന്റെ ലേഖകനെ ഇ.പി ഏല്പിച്ചിരുന്നത്രെ. അതെങ്ങനെ ചോർന്ന് ഡി.സിക്കാരുടെ കൈയിലെത്തി?​ വല്ലാത്ത മറിമായം! തലക്കെട്ടും അവർ തന്നെ ഇട്ടോ?രചയിതാവ് അറിയാതെ വോട്ടെടുപ്പു ദിവസം തന്നെ പ്രകാശനം നടത്താനും അവർ തീരുമാനിച്ചോ? പാർട്ടിയിലെ ഇ.പിയുടെ വളർച്ചയും ഡി.വൈ.എഫ്.ഐ നേതാവായിരുന്നപ്പോൾ ടെയിനിൽ വച്ച് വെടിയേറ്റതും ഉൾപ്പെടെ ചിത്രങ്ങൾ സഹിതം ഇ.പി അറിയാതെ എങ്ങനെ പുസ്തകത്തിൽ വന്നു?പ്രസാധകർ ജ്യോത്സ്യനെക്കൊണ്ട് കവടി നിരത്തിച്ചതാണോ?ഇത് വെള്ളരിക്കാപ്പട്ടണമോ? കള്ളൻ കപ്പിൽത്തന്നെ! ഇ.പി പറയുന്നതൊന്നും പാർട്ടിക്ക് ദഹിക്കുന്നില്ല. പക്ഷേ, വിശാലഹൃദയമുള്ള പാർട്ടി പാലക്കാട് വോട്ടെടുപ്പു വരെ ഇ.പിയോട് ക്ഷമിച്ചിരിക്കുന്നു!

 

കെ.പി.സി.സി മീഡിയാ സെൽ കൺവീനറായിരുന്ന ഡോ. പി. സരിൻ പിണറായി സഖാവിനെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തേച്ചൊട്ടിക്കാൻ ശ്രമിച്ചതിന് കൈയും കണക്കുമില്ല. പക്ഷേ, അതൊക്കെ പഴങ്കഥ. ഇടതു പാളയത്തിലെത്തിയ പാലക്കാട്ടെ സ്ഥാനാർത്ഥിയായ സരിൻ ഇപ്പോൾ രക്തപതാകയേന്തിയ പ്രിയ സഖാവാണ്. 'വളരെ മിടുക്കൻ" എന്നാണ് പാലക്കാട്ടെ പൊതുയോഗത്തിൽ സരിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും പാലക്കാട്ട് മൂന്നാം റാങ്കായിരുന്നു,​ എൽ.ഡി.എഫിന്. എന്നാൽ, ഇത്തവണ സരിനിലൂടെ ഒന്നാം റാങ്ക് നേടുമെന്ന് അദ്ദേഹത്തിന് ഉറപ്പ്. അത്രയ്ക്ക് ജനമുന്നേറ്റമാണത്രെ!

എന്നാൽ, സരിനെ വയ്യാവേലിയെന്ന് ഇ.പി ആദ്യം പറഞ്ഞ വാക്ക് അറം പറ്റുമെന്നാണ് വി.ഡി. സതീശന്റെ വാദം. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ കുടുക്കാൻ മന്ത്രി എം.ബി. രാജേഷും മറ്റും ആസൂത്രണം ചെയ്ത നീല ട്രോളി ബാഗ് കഥ പൊളിഞ്ഞു പാളീസായി. ട്രോളി ബാഗിൽ കടത്തിയെന്നു പറയുന്ന കള്ളപ്പണം പിടിച്ചോ എന്ന സതീശന്റെ ചോദ്യത്തിന് ഉത്തരമില്ല. സഖാവ് എൻ.എൻ. കൃഷ്ണദാസ് ആവശ്യപ്പെട്ടതു പോലെ ആ ട്രോളി ബാഗ് പാർട്ടിയും പൊലീസും വലിച്ചെറിഞ്ഞു കഴിഞ്ഞു.

 

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയേ! സന്ദീപ് വാര്യർ എന്ന,​ ബി.ജെ.പിയുടെ ചാനൽപ്പുലി പാർട്ടിയുമായി ഇടഞ്ഞു തുടങ്ങിയത് പാർട്ടി കൺവെൻഷനിൽ നേതാക്കൾക്കൊപ്പം ഇരിക്കാൻ ഒരു കസേര കിട്ടാത്തതിന്റെ പേരിലായിരുന്നു. അന്നു മുതൽ ചൂണ്ടയിട്ട് വെള്ളമിറക്കി കാത്തിരിപ്പിലായിരുന്നു ഇടതു നേതാക്കൾ. 'അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതം; വേണ്ടിവന്നാൽ മുഴു സമ്മതം" എന്ന മട്ടിലായിരുന്നു എം.വി. ഗോവിന്ദൻ മാഷും എ.കെ. ബാലനുമൊക്ക.

വാര്യർ നല്ല വ്യക്തിയാണെണെന്നും, തെറ്റു തിരുത്തി വന്നാൽ സ്വീകരിക്കുമെന്നും വരെ പറഞ്ഞു. പക്ഷേ, മാമ്പഴം കാക്ക കൊത്തിപ്പോയി. വാര്യർ കൊത്തിയത് കോൺഗ്രസിന്റെ ചൂണ്ടയിൽ. 'മോഹഭംഗ മനസിലേ..." എന്ന പാട്ടു മൂളി ഗോവിന്ദൻ മാഷ്. സന്ദീപ് വാര്യർ വർഗീയവിഷം തുപ്പുന്നയാളെന്ന് മന്ത്രി എം.ബി. രാജേഷിന്റെ പുതിയ കണ്ടുപിടിത്തം. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും.

 

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയിൽ നിന്ന് സ്നേഹത്തിന്റെ കടയിൽ എത്തിയെന്നാണ് ആർ.എസ്.എസിൽ നിന്ന് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പറഞ്ഞത്. ബി.ജെ.പിയിൽ നിന്ന് പുറത്തുചാടുമെന്ന സൂചന ലഭിച്ചിട്ടും വാര്യരെ തടയാതിരുന്ന സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആശംസിക്കുന്നത് 'കോൺഗ്രസിൽ വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെ" എന്നാണ്. അന്നൊരു കസേര കൊടുത്തിരുന്നെങ്കിൽ! പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചുകിട്ടുമോ?ഇനി, പുകഞ്ഞ കൊള്ളി പുറത്തെന്ന് ആശ്വസിക്കാനേ കഴിയൂ. എങ്കിലും സന്ദീപ് വാര്യരെ ശിഖണ്ഡിയോട് സുരേന്ദ്രൻ ഉപമിച്ചത് അൽപ്പം കടന്നുപോയി. കുരുക്ഷേത്ര യുദ്ധത്തിൽ ഭീഷ്മ പിതാമഹന്റെ അന്ത്യത്തിനു ഹേതുവായത് ശിഖണ്ഡിയാണെന്ന് ഓർക്കുക.

ശിഖണ്ഡിയുടെ ജന്മലക്ഷ്യം തന്നെ അതായിരുന്നല്ലോ.

 

'പകൽ വാണ പെരുമാളിൽ രാജ്യഭാരം വെറും പതിനഞ്ചു നാഴിക മാത്രം. ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ....!" പഴയ മലയാള സിനിമയിൽ പ്രേംനസീർ പാടി അഭിനയിച്ച ഗാനത്തിന്റെ വരികൾ. ബി.ജെ.പി വിട്ടെത്തിയെ സന്ദീപ് വാര്യരെ സതീശനും കെ.സുധാകരനും മാലയിട്ടു വരവേറ്റ് ഘോഷയാത്രയായി കൊണ്ടു നടന്ന ദിവസം, കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഫേസ്ബുക്ക് കുറുപ്പിൽ ചേർത്തതാണ് ഈ വരികൾ. സന്ദീപ് കോൺഗ്രസിലെത്തിയത് നല്ല കാര്യമാണെന്ന് പറയുമ്പോൾത്തന്നെ, സന്ദീപിനും അദ്ദേഹത്തെ സ്വീകരിച്ച വി.‌ഡി. സതീശനുമിട്ട് ഓരോ കുത്തും.

രാഹുൽ ഗാന്ധിയെ കുതിരവട്ടത്ത് അഡിമിറ്റ് ചെയ്യണമെന്നും, ഗാന്ധിജിയെ കൊന്നതല്ല, വെടിയേറ്റു മരിച്ചതാണെന്നും നേരത്തേ പറഞ്ഞ കക്ഷിയാണ് സന്ദീപെന്ന് മുരളീധരന്റെ ഓർമ്മപ്പെടുത്തൽ. കോൺഗ്രസിലെ സ്നേഹത്തിന്റെ കടയിൽ ഇനിയെന്നും ഉണ്ടാവണമെന്നും, വെറുപ്പിന്റെ ഫാക്ടറിയിലേക്ക്

മടങ്ങരുതെന്നും ഉപദേശം. ഒപ്പം. സതീശന്റെ 'ഞാനെന്ന ഭാവ"ത്തിനിട്ട് ഒരു താങ്ങും. ഒരു വെടിക്ക് രണ്ടു പക്ഷി!

നുറുങ്ങ്:

 കേരളവും ഇന്ത്യയുടെ ഭാഗമാണെന്ന്, വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

@ അവർ മറന്നുപോയതാകാം. ഇപ്പോഴെങ്കിലും ഓർമ്മപ്പെടുത്തിയത് നന്നായി!

(വിദുരുടെ ഫോൺ: 99461 08221)