കൊല്ലം: മാലദ്വീപിൽ നടന്ന 15-ാമത് ലോക ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക്ക് സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ടീം ഇന്ത്യ ചാമ്പ്യന്മാരായി. തമിഴ്നാട്ടിൽ നിന്നുള്ള ശരവൺ മണി മിസ്റ്റർ യുണിവേഴ്സ് 2024 പട്ടം കരസ്ഥമാക്കി. 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള സുരേഷ് കുമാർ, പീറ്റർ ജോസഫ് എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും നേടി. വനിതാ വിഭാഗത്തിൽ വിയറ്റ്നാമാണ് ചാമ്പ്യന്മാർ. ഇന്ത്യൻ ടീം മാനേജർ ലെസ്ലി ജോൺ പീറ്റർ ഇന്ത്യയ്ക്ക് വേണ്ടി ടീം ചാമ്പ്യൻഷിപ്പ് കിരീടം ഏറ്റുവാങ്ങി.
ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ 38 പുരുഷ അത്ലറ്റുകളും ഒമ്പത് വനിത അത്ലറ്റുകളുമാണ് ഉള്ളത്. താരങ്ങളും ഒഫീഷ്യലുകളുമുൾപ്പടെ നാല് മലയാളികളും ടീമിലുണ്ട്. എട്ട് സ്വർണം, ആറ് വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെ ഇന്ത്യൻ ടീം നേടിയത്.