woman

ബെലഗാവി: വേശ്യാവൃത്തി ചെയ്യുന്നെന്ന് ആരോപിച്ച് സ്ത്രീകളെ അയൽവാസികൾ മർദിച്ചതായി പരാതി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. കഴിഞ്ഞ നാല് വർഷമായി പരാതിക്കാർ ഈ പ്രദേശത്താണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നതായി ആരോപിച്ച് പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി, സ്ത്രീകളെ പുറത്തേക്ക് വലിച്ചിഴക്കുകയും ആക്രമിക്കുകയും ചെയ്തു. പൊതുസ്ഥലത്തുവച്ചായിരുന്നു മർദനം. ഇതിനിടെ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.

അപരിചിതർ പതിവായി ഈ വീട്ടിലേക്ക് വരാറുണ്ടെന്നാണ് അയൽക്കാരുടെ ആരോപണം. സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം ഇവരുടെ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

തുടർന്ന് യുവതി ബെലഗാവി പൊലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുരക്ഷ ആവശ്യപ്പെടുകയും ചെയ്തു. കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ലോക്കൽ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു. പ്രതികളെ ഉടൻ ചോദ്യം ചെയ്‌തേക്കും.

അതേസമയം, കഴിഞ്ഞ ഡിസംബറിൽ സമാനമായ സംഭവം ബെലഗാവിയിൽ നിന്നും റിപ്പോർട്ട് ചെയ്‌തിരുന്നു. നാൽപ്പത്തിരണ്ടുകാരിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നയാക്കിയെന്നായിരുന്നു പരാതി. ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി മകൻ ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു ഇത്.