
ചെന്നൈ: നടനും നിർമ്മാതാവുമായ ധനുഷിനെതിരെ നയൻതാരയുടെ ഗുരുതര ആരോപണങ്ങൾ സിനിമാലോകത്ത് വൻ വിവാദമാകുന്നു. ധനുഷ് പ്രതികാരം ചെയ്യുന്നുവെന്നും സ്വേച്ഛാധിപതിയാണെന്നും ആരോപിച്ച് നയൻതാര പുറത്തുവിട്ട കത്തിനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തി.
നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിലു'മായി
ബന്ധപ്പെട്ടാണ് വിവാദം. ധനുഷ് നിർമ്മിച്ച്, വിഘ്നേഷ് സംവിധാനം ചെയ്ത് നയൻതാര അഭിനയിച്ച നാനും റൗഡി താൻ സിനിമയുടെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷ് തടസം നിൽക്കുന്നതായി കത്തിൽ പറയുന്നു. സിനിമയിലെ ചില ഭാഗങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിന് പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും അത് നീച പ്രവൃത്തിയാണെന്നും നയൻതാര ആരോപിക്കുന്നു. തന്നോടും വിഘ്‌നേഷിനോടും ധനുഷിന് പകയാണെന്നും നയൻതാര തുറന്നടിച്ചു.
കത്തിലെ പ്രസക്തഭാഗം:
തെറ്റായ കാര്യങ്ങൾ ശരിയാക്കാനുള്ള തുറന്ന കത്താണിത്. താങ്കളെപ്പോലുള്ള ഒരു നല്ല നടൻ, ഇത് വായിച്ച് മനസ്സിലാക്കണം. സിനിമ എന്നെപ്പോലുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന, സെൽഫ് മെയ്ഡ് സ്ത്രീയാണ് ഞാൻ. ഡോക്യുമെന്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, എന്റെ ആരാധകരും കാത്തിരുന്നു. എന്നോടും എന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്ടിനായി പരിശ്രമിച്ച ആളുകളെയും ബാധിക്കുന്നു. ഡോക്യുമെന്ററിയിൽ സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നു, ഏറ്റവും പ്രധാന ചിത്രമായ 'നാനും റൗഡി താൻ' ഉൾപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ എൻ.ഒ.സി കിട്ടാൻ കാത്തിരുന്നത് നീണ്ട രണ്ട് വർഷം. സിനിമയിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ ഉപയോഗിക്കാൻ പല തവണ അഭ്യർത്ഥിച്ചിട്ടും വിസമ്മതിച്ചപ്പോൾ എന്റെ ഹൃദയം തകർന്നു. ഞങ്ങളോടുള്ള വ്യക്തി വിദ്വേഷം തീർക്കാനാണെന്ന് അറിയുന്നത് വേദനാജനകമാണ്. ഡോക്യുമെന്ററിയുടെ ട്രെയിലർ ഇറങ്ങിയ ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് ഞെട്ടിച്ചു. കേവലം മൂന്ന് സെക്കൻഡിനുള്ള നഷ്ടപരിഹാരമായി പത്ത് കോടി രൂപ ആവശ്യപ്പെട്ടു. ഓഡിയോ ലോഞ്ചുകളിൽ കാണിക്കുന്ന പകുതിയെങ്കിലും നന്മ നിങ്ങൾ ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ. ഒരു നിർമ്മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തെ നിയന്ത്രിക്കുന്ന സ്വച്ഛാധിപതിയാകുമോ? നിങ്ങളുടെ വിസമ്മതം കോടതിയിൽ ന്യായീകരിക്കാനായേക്കാം. അതിൽ ധാർമ്മിക വശമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു. അത് ദൈവത്തിന്റെ കോടതിയിൽ ഏറ്റുപറയേണ്ടിവരും. ലോകത്തിന് മുന്നിൽ മുഖംമൂടി ധരിച്ച് ഒരാൾ നീചമായി തുടരുന്നു. കള്ളക്കഥകളുണ്ടാക്കി പഞ്ച് വാചകങ്ങൾ ചേർത്ത് അടുത്ത ഓഡിയോ ലോഞ്ചിൽ നിങ്ങൾ പറയുമായിരിക്കും. അതും ദൈവം കാണുന്നുണ്ടെന്ന് ഓർക്കൂ.
പാർവതിയും നസ്രിയയും
നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, അനുപമ പരമേശ്വരൻ, ഗീതു മോഹൻദാസ് അടക്കം നിരവധി താരങ്ങൾ നയൻതാരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പാർവതി നയൻതാരയുടെ കത്ത് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു.
ആദരവ് തോന്നുന്നുവെന്ന് നടി ഇഷ തൽവാർ കുറിച്ചു. ഇവരിൽ പലരും ധനുഷിനൊപ്പം അഭിനയിച്ചവരാണ്.