
കൊച്ചി: വിലക്കയറ്റം അതിരൂക്ഷമായതോടെ ഇന്ത്യയിലെ കൺസ്യൂമർ ഉത്പന്ന വിപണി തളർച്ചയിലേക്ക് നീങ്ങുന്നു. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്(എഫ്.എം.സി.ജി), വാഹന, റീട്ടെയിൽ മേഖലയിലെ പ്രമുഖ കമ്പനികളെല്ലാം നടപ്പു സാമ്പത്തിക വർഷം ആദ്യ അർദ്ധവാർഷികത്തിൽ വില്പനയിലും ലാഭത്തിലും കനത്ത തിരിച്ചടി നേരിട്ടു. കാലാവസ്ഥ വ്യതിയാനം, ഗ്രാമീണ ഉപഭോഗത്തിലെ ഇടിവ്, അനിയന്ത്രിയമായ വിലക്കയറ്റം, ഉയർന്ന പലിശ നിരക്ക് എന്നിവയെല്ലാം കൺസ്യൂമർ ഉത്പന്ന വിപണിക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഇത്തവണ കാലം തെറ്റി പെയ്ത മഴയിലും അതിവർഷത്തിലും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും പ്രധാന കാർഷിക ഉത്പാദന മേഖലകളിൽ കനത്ത വിളനാശമാണുണ്ടായത്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയിലെ(എൻ.എസ്.ഇ100) നൂറിൽ 48 കമ്പനികൾക്കും പ്രതീക്ഷിച്ച വിൽപ്പനയും ലാഭവും ജൂലായ്-സെപ്തംബർ മാസങ്ങളിൽ നേടാനായില്ലെന്ന് ആഗോള ഏജൻസിയായ ബെർൺസ്റ്റീന്റെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവിൽ ലിസ്റ്റഡ് കമ്പനികളുടെ അറ്റാദായത്തിൽ 3.4 ശതമാനം ഇടിവുണ്ടായി. മുൻവർഷം ഇതേകാലയളവിൽ കമ്പനികളുടെ ലാഭത്തിൽ 40 ശതമാനം വർദ്ധനയുണ്ടായിരുന്നു.
വില വർദ്ധനയ്ക്കൊരുങ്ങി കമ്പനികൾ
അസംസ്കൃത സാധന വിപണിയിലെ സമ്മർദ്ദം കണക്കിലെടുത്ത് പ്രമുഖ എഫ്.എം.സി.ജി കമ്പനികൾ പ്രധാന ഉത്പന്നങ്ങളുടെ വില കൂട്ടുന്നു. ക്രൂഡോയിൽ, വെളിച്ചെണ്ണ, പാമോയിൽ, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ വിലയിൽ അസാധാരണ വർദ്ധനയാണ് കഴിഞ്ഞ മാസങ്ങളിലുണ്ടായത്. ഇതോടെ ഉത്പാദന ചെലവ് താങ്ങാനാകാത്ത സ്ഥിതിയാണെന്ന് കമ്പനികൾ പറയുന്നു. പായ്ക്ക് ചെയ്ത തേയില, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണകൾ, മസാലപ്പൊടികൾ, പയർ വർഗങ്ങൾ എന്നിവയുടെ വില കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിപ്പിച്ചു. സോപ്പ്, ഷാംമ്പു, സൗന്ദര്യവർദ്ധന ഉത്പന്നങ്ങൾ, ഹെയർ ഓയിൽ തുടങ്ങിയവയുടെയും വില കൂടും.
ലാഭം ഇടിയുന്നു
നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ അറ്റാദായം നാല് ശതമാനം ഇടിഞ്ഞ് 2,612 കോടി രൂപയായി. ഇക്കാളയളവിൽ വരുമാനത്തിൽ 1.5 ശതമാനം വർദ്ധനയുണ്ടായെങ്കിലും ഉത്പാദന ചെലവ് ഗണ്യമായി കൂടിയതാണ് തിരിച്ചടിയായത്. മാരികോ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ഡാബർ തുടങ്ങിയ കമ്പനികൾക്കും പ്രതീക്ഷിച്ച വളർച്ച നേടാനായില്ല.
പ്രതിസന്ധി വർദ്ധിപ്പിക്കുന്നത്
1. ഉത്പാദന ചെലവ് കൂടുന്നു
2. ഉപഭോഗം ഇടിയുന്നു
3. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം