dee

 കുക്കി തീവ്രവാദികൾ ബന്ദികളാക്കിയവർ

ഇംഫാൽ: മണിപ്പൂരിൽ കുക്കി തീവ്രവാദികൾ ബന്ദികളാക്കിയ ഒരു കുടുംബത്തിലെ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് സ്ത്രീകളുടെയും മാസങ്ങൾ മാത്രം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളുടെയും അഴുകിത്തുടങ്ങിയ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മെയ്തി വിഭാഗക്കാരായ ഇവരെ ദിവസങ്ങൾക്ക് മുമ്പ് ജിരിബാമിൽ നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഏകദേശം 15 കിലോമീറ്റർ അകലെ മണിപ്പൂർ- അസാം അതിർത്തിയിലുള്ള നദിക്ക് സമീപത്തുനിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ അസാമിലെ സിൽചാറിലുള്ള ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ. ഇന്നലെ രാവിലെ മൂന്ന് പേരുടെയും ഉച്ച കഴിഞ്ഞ് മൂന്ന് പേരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജിരിബാം ജില്ലയിലെ ജിരി യുണൈറ്റഡ് കമ്മിറ്റി (ജെ.യു.സി) ജില്ലയിൽ 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വാർത്ത പുറത്ത് വന്നതോടെ ഇംഫാൽ താഴ്വരയിൽ വീണ്ടും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. സംഘർഷാവസ്ഥയെ തുടർന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. അതിനിടെ,​ ജിരിബാമിൽ അക്രമികളും സി.ആർ.പി.എഫുമായി ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങൾ കണ്ടെത്തി.

മോർച്ചറിക്ക് പുറത്ത്

പ്രതിഷേധം

അതിനിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന പത്ത് മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് തടയാൻ കുക്കി ഗോത്രങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ആളുകൾ പ്രതിഷേധം ആരംഭിച്ചു. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലേക്ക് കൊണ്ടുപോകുന്നതിനായി പത്ത് മൃതദേഹങ്ങൾ കൊണ്ടുപോകാൻ ശ്രമിച്ച പോലീസുകാരെ പ്രതിഷേധക്കാർ തടഞ്ഞു. തുടർന്ന് പ്രതിഷേധമുണ്ടായി. മൃതദേഹങ്ങൾ സിൽച്ചാറിൽ നിന്ന് തങ്ങൾക്ക് കൈമാറണമെന്ന് കുക്കികൾ ആവശ്യപ്പെട്ടു. മിസോറാമിലേക്ക് കൊണ്ടുപോകാനാണ് സർക്കാർ പദ്ധതി.

ഒരു മണിക്കൂറോളമായി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.