
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ. ഇരകൾക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. 18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
എട്ട് കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ 40 സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംസ്ഥാന പൊലീസ് മേധാവി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇവയിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിർദേശ പ്രകാരം 10 സംഭവങ്ങളിൽ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ 14 ദിവസത്തിനകം തീരുമാനമുണ്ടാവുമെന്നാണ് വിവരം. ഇതിന് പുറമെ നാല് കേസുകളിൽ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അവയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ ഇരകളുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘത്തിന് കേസെടുക്കാവുന്നതാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇരകളുടെ സ്വകാര്യത ഉറപ്പാക്കണമെന്നും, പേരുവിവരങ്ങൾ പുറത്തുവിടരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. എന്നാൽ ശിക്ഷാർഹമായ കുറ്റകൃത്യം നടന്നുവെന്ന് ബോദ്ധ്യമായാൽ കേസ് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.