d

തിരുവനന്തപുരം: കൂടുതൽ ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കരമന പൊലീസ് സ്റ്റേഷനിൽ പ്രതികളെ പാർപ്പിക്കാനൊരു സെല്ലിലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.എന്നാൽ അതാണ് സത്യം.ക്രൂരകൃത്യങ്ങൾ ചെയ്ത് പിടിക്കപ്പെടുന്ന പ്രതികളെ പാർപ്പിക്കാൻ അടുത്ത സ്റ്റേഷനെ സമീപിക്കേണ്ട ഗതികേടിലാണ് കരമനയിലെ പൊലീസുകാർ.ചെറിയ കേസിൽ പിടിക്കപ്പെടുന്ന കുറ്റവാളികളാണെങ്കിൽ ജനലിന്റെ കമ്പിയിലോ വലിയ അലമാരയുടെ കാലിലോ വിലങ്ങിട്ട് പൊലീസുകാരെ കാവൽ നിർത്തുന്നു.പൊട്ടിപ്പൊളിഞ്ഞ് വീഴാറായ 20 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ജീവൻ പണയം വച്ചാണ് പൊലീസുകാർ ജോലി ചെയ്യുന്നത്.2005ൽ താത്കാലികമെന്ന നിലയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്.പുതിയ പൊലീസ് സ്റ്റേഷൻ അടുത്ത വർഷം തന്നെ പണിയുമെന്ന് ഉറപ്പ് നൽകിയിട്ടിപ്പോൾ 20 വർഷമാകുന്നു.പലതവണ പൊലീസുകാർ അധികൃതർക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചെങ്കിലും ആ ഫയൽ അനങ്ങാതെ ഒരു മൂലയിലൊതുങ്ങി.സ്വകാര്യവ്യക്തിയുടെ രണ്ടുനില കെട്ടിടത്തിൽ വാടകയ്ക്കാണ് സ്റ്റേഷനിപ്പോൾ പ്രവർത്തിക്കുന്നത്.

വിശ്രമമുറിയെന്ന ദുരിതമുറി

പേരിന് വിശ്രമമുറിയുണ്ടെങ്കിലും സ്ഥിതി ദയനീയമാണ്. രണ്ടാംനിലയുടെ ടെറസിൽ ഷീറ്റ് മേൽക്കൂരയാണ്. എന്നാൽ കാലപ്പഴക്കത്താൽ അത് നശിച്ചു. മഴ പെയ്താൽ ചോർച്ചമൂലം മുറിയിലാകെ വെള്ളക്കെട്ടാണ്.വനിതാ പൊലീസുകാർക്ക് വിശ്രമിക്കുന്നതിനായി ചെറിയ മുറിയുണ്ട്. ടോയ്ലെറ്റ് സൗകര്യം അപര്യാപ്തമാണ്.

നിന്ന് തിരിയാൻ ഇടമില്ല

കണ്ടാൽ രണ്ടുനില കെട്ടിടമാണെങ്കിലും ഉൾവശം ചെറുതാണ്.അകത്തുനിന്ന് തിരിയാൻ സ്ഥലമില്ല.ആറ് വനിതാ ഉദ്യോഗസ്ഥരടക്കം 50 പൊലീസുകാർ സ്റ്റേഷനിലുണ്ട്.ഫയലുകളും മറ്റും സൂക്ഷിക്കാനുള്ള സ്ഥലവും സ്റ്റേഷനിലില്ല.ക്രൈംഫയലുകളും കോടതി രേഖകളും സൂക്ഷിക്കുന്നത് ഏത് നിമിഷവും വീഴാറായ അലമാരയിലാണ്.

ഇടുങ്ങിയ വഴിയാണ് സ്റ്റേഷനിലേക്കുള്ളത്.പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ നിർത്താനും സൗകര്യമില്ല.വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്ന വാഹനങ്ങൾ ദേശീയപാതയോരത്തും സ്റ്റേഷനിലേക്കുള്ള ഇടവഴിയിലുമാണ് ഇട്ടിരിക്കുന്നത്.

സ്ഥലമുണ്ടെങ്കിലും നൽകില്ല

നഗരസഭയുടെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം സ്റ്റേഷൻ പരിധിയിലുണ്ടെങ്കിലും അത് നൽകാൻ അവർ തയ്യാറല്ല.മാലിന്യ നിർമ്മാർജനം,ഭവനപദ്ധതി നടപ്പാക്കൽ എന്നിവയ്ക്കായി മാറ്റിയിട്ടിരിക്കുന്ന സ്ഥലമാണെന്നാണ് നഗരസഭയുടെ വാദം.അന്വേഷിച്ചപ്പോൾ ഭൂമി എന്തിന് വിനിയോഗിക്കണമെന്നുള്ള തീരുമാനം ഇതുവരെ നഗരസഭ കൈക്കൊണ്ടില്ലെന്ന് കണ്ടെത്തി.

മന്ത്രി കനിഞ്ഞാൽ

നെടുങ്കാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പൂട്ടിക്കിടക്കുന്ന ഒരു സ്ഥാപനമുൾപ്പെടെ കുറച്ച് സ്ഥലം വർഷങ്ങളായി കാടുപിടിച്ച് കിടക്കുകയാണ്.ഈ സ്ഥലം പൊലീസ് സ്റ്റേഷന് വേണ്ടി അനുവദിക്കണമെന്ന രീതിയിൽ പുതിയ പദ്ധതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി.ശിവൻകുട്ടിയുടെ പരിശ്രമം കൂടി ഇതിൽ ലഭിച്ചാൽ കരമനയിലെ പൊലീസുകാരുടെ ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ലേഖകന്റെ ഫോൺ:7034071061