
കീവ്: ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റാൽ റഷ്യ തന്റെ രാജ്യത്തിനെതിരെ തുടരുന്ന യുദ്ധം അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെ ട്രംപുമായി ഫലവത്തായ ഫോൺ സംഭാഷണം നടത്തിയെന്നും സെലെൻസ്‌കി പറഞ്ഞു.
റഷ്യയുമായി ചർച്ച നടത്തുന്നതിന് എന്തെങ്കിലും ആവശ്യങ്ങൾ ട്രംപ് മുന്നോട്ടുവച്ചോ എന്ന് സെലെൻസ്‌കി വ്യക്തമാക്കിയില്ല. എന്നാൽ, യുക്രെയിന്റെ നിലപാടിന് വിരുദ്ധമായ ഒന്നും ട്രംപ് പറഞ്ഞിട്ടില്ലെന്നും യുദ്ധം അടുത്ത വർഷം അവസാനിപ്പിക്കാൻ സാദ്ധ്യമായ എല്ലാം തങ്ങൾ ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നാണ് റഷ്യയുടെ നിലപാട്. അധികാരത്തിലേറിയാൽ 24 മണിക്കൂർ കൊണ്ട് യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. ജനുവരി 20നാണ് ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേൽക്കുക.
# സഹായം തുടരുമോ ?
യുക്രെയിന് ഏറ്റവും കൂടുതൽ സൈനിക, സാമ്പത്തിക സഹായങ്ങൾ നൽകുന്ന രാജ്യമാണ് യു.എസ്. എന്നാൽ യുക്രെയിന് ഇതിനോടകം തന്നെ വലിയ അളവിലെ സഹായം യു.എസ് ചെയ്തു കഴിഞ്ഞെന്നാണ് ട്രംപിന്റെ പക്ഷം. 2022 ഫെബ്രുവരിയിൽ തുടങ്ങിയ സംഘർഷം അനന്തമായി നീളുന്ന സാഹചര്യത്തിൽ വൻ സഹായങ്ങൾ ഇനിയും തുടരുന്നതിനോട് ട്രംപിന് താത്പര്യമില്ല. യുക്രെയിനുള്ള സൈനിക സഹായങ്ങൾ ട്രംപ് നിറുത്തുമോ എന്നും യൂറോപ്യൻ രാജ്യങ്ങൾക്കിടെ ആശങ്കയുണ്ട്. ട്രംപ് പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത പീറ്റ് ഹെഗ്‌സെത്തിനും യുക്രെയിൻ വിഷയത്തിൽ ട്രംപിന്റെ നിലപാടാണ്. നാറ്റോയുടെ വിമർശകൻ കൂടിയാണ് ഹെഗ്‌സെത്ത്.
# 20 ശതമാനം റഷ്യയുടെ കൈയ്യിൽ
യുക്രെയിന്റെ 20 ശതമാനം പ്രദേശം നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡൊണെസ്ക്, ലുഹാൻസ്ക്, സെപൊറീഷ്യ, ഖേഴ്സൺ പ്രവിശ്യകളെ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർത്തെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിൽ ചെറുത്തുനിൽപ്പ് തുടരുന്ന പ്രദേശങ്ങളിൽ നിന്ന് യുക്രെയിൻ സൈന്യം പിന്മാറുകയും നാറ്റോയിൽ അംഗത്വ നേടാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കാനും തയ്യാറായാൽ ആക്രമണം നിറുത്താൻ തയ്യാറാണെന്ന് റഷ്യ പറയുന്നു. യുക്രെയിൻ മണ്ണിൽ നിന്ന് റഷ്യ പിൻമാറാതെ ചർച്ചയ്ക്കില്ലെന്നാണ് സെലെൻസ്കിയുടെ നിലപാട്.