
റായ്പൂർ: ഛത്തീസ്ഗഢിലെ ബസ്തറിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ
നാരായൺപൂർ -കാൺകർ ജില്ലകളുടെ അതിർത്തിയിലെ അബുജ്മദ് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 20ഓളം മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടർന്ന് ബി.എസ്.എഫ് ഡി.ആർ.ജി, എസ്.ടി.എഫ് സംഘാംഗങ്ങൾ നടത്തിയ ഓപ്പറേഷനിടെ വെടിവയ്പുണ്ടാകുകയും സേന തിരിച്ചടിക്കുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം വെടിവയ്പ് തുടർന്നു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റ രണ്ട് ജവാന്മാരെ ഹെലികോപ്ടറിൽ റായ്പൂരിലെത്തിച്ചു. അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ ഉൾപ്പെടെ ഈ വർഷം മാത്രം ബസ്തർ മേഖലയിൽ 197 മാവോയിസ്റ്റുകളെയാണ് വധിച്ചത്.