e

ലഹ്ലി: രഞ്ജി ട്രോഫിയിൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള ഹരിയാനയെ സമനിലയിൽ തളച്ച് കേരളം. ലഹ്ലി ചൗധരി ബൻസിലാൽ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 127 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്ക​റ്റ് നഷ്ടത്തിൽ 125 റൺസെടുത്ത് ഡിക്ലയർ ചെയ്തു. തുടർന്ന് 253 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാ​റ്റിംഗിനിറങ്ങിയ ഹരിയാന രണ്ട് വിക്ക​റ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിൽ എത്തിയപ്പോൾ കളി അവസാനിപ്പിക്കുകയായിരുന്നു.ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് മൂന്നു പോയിന്റും ഹരിയാനയ്ക്ക് ഒരു പോയിന്റും ലഭിച്ചു.
ഏഴിന് 139 എന്ന നിലയിൽ അവസാന ദിനം മത്സരത്തിനിറങ്ങിയ ഹരിയാനയെ 164 ന് പുറത്താക്കിയാണ് കേരളം രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയത്. ബേസിൽ തമ്പിയും നിധീഷ് എം.ഡിയും മൂന്ന് വിക്ക​റ്റ് വീതം നേടിയപ്പോൾ ബേസിൽ എൻ.പി രണ്ടും ജലജ് സക്‌സേന ഒരു വിക്ക​റ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സിൽ കേരളത്തിനായി രോഹൻ കുന്നുമ്മൽ ( പുറത്താകാതെ 62) അർദ്ധസെഞ്ച്വറി നേടി. 91 പന്തിൽ ഒരു സിക്സും ആറു ഫോറും ഉൾപ്പെട്ടതാണ് രോഹന്റെ ഇന്നിംഗ്‌സ്. സച്ചിൻ ബേബിയും (42) തിളങ്ങി. എസ് പി കുമാറും, ജെജെ യാദവും ഹരിയാനയ്ക്കായി ഓരോ വിക്ക​റ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഹരിയാനയ്ക്ക് 28 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്‌ടമായിരുന്നു. ബേസിൻ എൻ.പിയും അക്ഷയ് ചന്ദ്രനുമാണ് വിക്ക​റ്റ് നേടിയത്. ഹരിയാന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 18 പോയിന്റുമായി കേരളം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.