pic

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും അനധികൃതമായി കടത്തുകയും ചെയ്‌ത ഒരു കോടി ഡോളർ വിലമതിക്കുന്ന 1,440 കരകൗശല - പുരാവസ്തുക്കൾ യു.എസ് മടക്കിനൽകി. ഇവ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന് കൈമാറിയെന്ന് മാൻഹട്ടൻ ഡിസ്ട്രിക്‌റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. കൊള്ള സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇവ വീണ്ടെടുക്കാനായതെന്നും വ്യക്തമാക്കി. പുരാവസ്തുക്കളിൽ ചിലത് ന്യൂയോർക്കിലെ മെട്രോപൊളി​റ്റൻ മ്യൂസിയം ഒഫ് ആർട്ടിൽ സൂക്ഷിച്ചിരുന്നതാണ്. സുഭാഷ് കപൂർ എന്ന അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ഇന്ത്യയിൽ നിന്ന് കടത്തിയവയാണ് ഏറെയും.

നിലവിൽ തമിഴ്‌നാട്ടിലെ ജയിലിൽ കഴിയുന്ന ഇയാളെ വിചാരണക്കായി യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്‌തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ 297 അമൂല്യപുരാവസ്തുക്കൾ യു.എസ് മടക്കിനൽകിയിരുന്നു.

നർത്തകി ശിൽപ്പവും

ദേവീ വിഗ്രഹവും

 മദ്ധ്യ പ്രദേശിൽ നിന്ന് ലണ്ടനിലേക്ക് കടത്തപ്പെട്ട നർത്തകി ശിൽപ്പവും രാജസ്ഥാനിൽ നിന്ന് മോഷ്ടിക്കപ്പെട്ട ദേവീ വിഗ്രഹവും മടക്കി നൽകിയവയിൽ. പലതും നൂറ്റാണ്ടുകൾ പഴക്കമുള്ളവ

 അനധികൃത വ്യാപാരങ്ങൾ തടയാനുള്ള ഇന്ത്യ - യു.എസ് കരാർ പുരാവസ്തുക്കളുടെ വീണ്ടെടുക്കലിന് സഹായിച്ചു

 2014 മുതൽ യു.എസിൽ നിന്ന് മാത്രം 578 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് മടക്കിയെത്തിച്ചു