
ദുബായ്: മഹാരാഷ്ട്രയും കര്‍ണാടകയും കഴിഞ്ഞാല്‍ കമ്പനികള്‍ ഏറ്റവും കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നതും ഓഫറുകള്‍ നല്‍കുന്നതും കേരളത്തിലാണ്. ഇലക്ട്രിക് വാഹനങ്ങളോട് മലയാളിക്ക് വര്‍ദ്ധിച്ചുവരുന്ന പ്രിയമാണ് ഇതിന് കാരണം. രാജ്യത്ത് തന്നെ ഏറ്റവും അധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റ് പോകുന്ന സംസ്ഥാനങ്ങളില്‍ മൂന്നാമതാണ് കേരളം. അത് തന്നെയാണ് കമ്പനികളെ വന്‍ ഓഫറുകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതും. എന്നാല്‍ ഇ.വി വാഹനങ്ങളോടുള്ള താത്പര്യത്തില്‍ വളരെ പിന്നിലാണ് ദുബായ് നഗരം.
നാട്ടില്‍ വലിയ താത്പര്യം കാണിക്കുന്ന മലയാളി പോലും ദുബായ് നഗരത്തിലെത്തിയാല്‍ ഇവികളോട് വിമൂഖത കാണിക്കുന്നുണ്ട്. ഇ.വികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ യുഎഇ സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുമ്പോഴും കാര്യമായ ചലനങ്ങളില്ല. രാജ്യത്ത് ആകെയുള്ളത് രജിസ്റ്റര്‍ ചെയ്ത വെറും 8000ത്തോളം വാഹനങ്ങള്‍ മാത്രമാണുള്ളത്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഇ.വികളുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനമാണ് വളര്‍ച്ച. സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനമാണ് കാരണം.
ഇലക്ട്രിക് കാറുകളുടെ ഉയര്‍ന്ന വില ഇവയോടുള്ള ജനങ്ങളുടെ താല്‍പര്യം കുറക്കുന്നതില്‍ പ്രധാന കാരണമാണ്. ഇ.വികളുടെ ശരാശരി വില രണ്ട് ലക്ഷം ദിര്‍ഹമാണ് അതായത് 46 ലക്ഷം രൂപ വരെ. ജനപ്രിയ ബ്രാന്റുകള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ നാല് ലക്ഷം ദിര്‍ഹം വരെ വിലയുണ്ട്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവാണ് മറ്റൊരു കാരണം. ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തമായി ചാര്‍ജിംഗ് സംവിധാനമൊരുക്കുന്നതിന് പരിമിതികള്‍ ഉണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ ആയുസ് സംബന്ധിച്ച ആശങ്കകളാണ് മറ്റൊരു കാരണം.
ചൂടുകാലം കൂടുതലായതിനാല്‍ എ.സി കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്നത് ബാറ്ററികളുടെ ആയുസ്സ് കുറക്കും. ഇ.വികള്‍ക്ക് റീ സെയില്‍ വില കുറവാണെന്നതും വാഹന പ്രേമികളെ നിരുല്‍സാഹപ്പെടുത്തുന്നു.