manipur

ഇംഫാൽ: ഒരു ഇടവേളയ്ക്കുശേഷം സംഘർഷം പടരുന്ന മണിപ്പൂരിൽ സ്ഥിതി അത്യന്തം ഗുരുതരാവസ്ഥയിൽ. മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. ഇതിനൊപ്പം മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾക്കുനേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. പല വീടുകളും തകർത്തിട്ടുണ്ട്. ആരാധനാലയങ്ങൾക്ക് നേരെയും വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ കുടുംബ വീടിനുനേരെയാണ് ആക്രമണമുണ്ടായതെന്നും ഈ സമയം ഇവിടെ ആരും ഉണ്ടായിരുന്നില്ല എന്നുമാണ് റിപ്പോർട്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെയും, ഉപഭോക്തൃ മന്ത്രി എൽ.സുശീന്ദ്റോ സിംഗിന്റെയും വീടുകൾക്കുനേരെയും ആക്രമണമുണ്ടായി. മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ മരുമകൻ രാജ്‌കുമാർ ഇമോ സിംഗ്, രഘുമണി സിംഗ്, സപം കുഞ്ഞകേശ്വർ എന്നിവരുൾപ്പെടെയുള്ള ബിജെപി നിയമസഭാംഗങ്ങളുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. സ്വതന്ത്ര എംഎൽഎ സപം നിഷികാന്തയുടെ വീടിന് നേരെയും ആക്രമണമുണ്ടായി.

സഘർഷം കനത്തോടെ ഇംഫാൽ ഈസ്​റ്റ്, ഇംഫാൽ വെസ്​റ്റ്, ബിഷ്ണുപൂർ ജില്ലകളിൽ അനിശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇംഫാൽ ഈസ്​റ്റ്, ഇംഫാൽ വെസ്​റ്റ്, ബിഷ്ണുപൂർ, തൗബാൽ, കച്ചിംഗ്, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിൽ ഇന്റർനെ​റ്റ്, മൊബൈൽ ഡാ​റ്റ സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അക്രമികളെ നേരിടാൻ പൊലീസും സൈന്യവും രംഗത്തുണ്ട്.

മണിപ്പുരിലെ ജിരിബാമിൽ മെയ്തി വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷം വ്യാപകമായത്. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷം പടർന്നത്. ഇവരെ ജീവനോടെ കണ്ടെത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന പരാതി. അഫ്‌സ്പ (സായുധ സേന പ്രത്യേക അധികാര നിയമം) പുനഃസ്ഥാപിച്ച നടപടി പിൻവലിക്കണം എന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പ്രധാനമന്ത്രി എത്രയും പെട്ടെന്ന് മണിപ്പൂരിൽ എത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂടുതൽ സേനയെ നിയോഗിച്ചിരുന്നു. 2500ലധികം അർദ്ധ സൈനികരെയാണ് മണിപ്പൂരിലേക്ക് നിയോഗിച്ചത്. നിലവിൽ 29,000ത്തിലധികം പേർ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സംഘത്തെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ അസം റൈഫിൾസും രംഗത്തുണ്ട്. ഒപ്പം 115 സിആർപിഎഫ് കമ്പനികൾ, ആർഎഎഫിൽ നിന്ന് എട്ട്, ബിഎസ്എഫിന്റെ 84, അഞ്ച് ഐടിബിപി യൂണിറ്റുകൾ, എസ്എസ്ബിയിൽ നിന്ന് ആറ് എന്നിങ്ങനെയാണ് സംസ്ഥാനത്ത് നിയോഗിച്ചത്.