
ശബരിമല: തീർത്ഥാടന പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ അട്ടത്തോടിന് സമീപം 30–ാം വളവിൽ ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. പമ്പയിൽ നിന്നു നിലയ്ക്കലേക്കു പോയ ബസായിരുന്നു കത്തിനശിച്ചത്. നിലയ്ക്കലിൽ നിന്ന് തീർത്ഥാടകരെ കയറ്റാൻ പോയതായിരുന്നു ബസ്. അതിനാൽ കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്.
പുക കണ്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി പുറത്തിറങ്ങി. ആർക്കും പരിക്കില്ല. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ബസ് ഭാഗികമായി കത്തിനശിച്ചു.ലോ ഫ്‌ളോർ നോൺ എസി ബസാണ് അപകടത്തിൽപ്പെട്ടത്. പേരൂർക്കട ഡിപ്പോയിലെ ബസാണ് കത്തിനശിച്ചത്. സംഭവം അറിഞ്ഞ് ദേവസ്വം ബോർഡ് അംഗം എ അജികുമാർ സ്ഥലം സന്ദർശിച്ചു.

മണ്ഡലകാല സർവീസിനായി ആദ്യഘട്ടത്തിൽ 383 ഉം രണ്ടാംഘട്ടത്തിൽ 550 ബസുകളും ഉപയോഗിക്കുമെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളെന്നുമാണ് കഴിഞ്ഞദിവസം കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിനെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ലോ ഫ്‌ളോർ നോൺ എസി 120, വോൾവോ നോൺ എസി 55, ഫാസ്റ്റ് പാസഞ്ചർ122, സൂപ്പർ ഫാസ്റ്റ് 58, ഡീലക്സ് 15, ഇന്റര്‍സ്റ്റേറ്റ് സൂപ്പർ എക്‌സ്പ്രസ് 10 എന്നിവയ്ക്കുപുറമേ മൂന്ന് മെയിന്റനൻസ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ടാകും. 628 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാൽ രണ്ടാംഘട്ടത്തിൽ 728 ജീവനക്കാരുണ്ടാകുമെന്നും കെ എസ് ആർ ടി സി അറിയിച്ചിരുന്നു.