ravi-kumar

ബംഗളൂരു: മകനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം രഹസ്യമായി മറവ് ചെയ്യാൻ ശ്രമിച്ച പിതാവ് അറസ്​റ്റിൽ. 14കാരനായ തേജസാണ് കൊല്ലപ്പെട്ടത്. പിതാവായ രവി കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ മൊബൈൽ ഫോൺ ഉപയോഗവും പഠനത്തോടുളള താൽപര്യമില്ലായ്മയുമാണ് പ്രതിയെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തേജസിനെ ക്രിക്ക​റ്റ് ബാ​റ്റുപയോഗിച്ച് ക്രൂരമായി മർദ്ദിച്ചും ഭിത്തിയിൽ തല ഇടിപ്പിച്ചുമാണ് പിതാവ് കൊലപ്പെടുത്തിയത്.

കുമാരസ്വാമി ലേഔട്ട് പ്രദേശത്ത് ഒരു സ്‌കൂൾ വിദ്യാർത്ഥി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ട് ലഭിച്ചതോടെയാണ് പൊലീസ് രവികുമാറിന്റെ വീട്ടിലെത്തിയത്. വീട്ടിൽ മകന്റെ അന്ത്യകർമങ്ങൾ വീട്ടുകാരും പ്രതിയും ചേർന്ന് ധൃതിപ്പെട്ട് ചെയ്യുന്നതാണ് പൊലീസ് കണ്ടത്. അന്വേഷണസംഘം ഇടപെട്ടതോടെ ആൺകുട്ടിയുടെ മൃതദേഹം പോസ്​റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാ​റ്റുകയായിരുന്നു.

ഗുരുതരമായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് ആൺകുട്ടി മരിച്ചതെന്നാണ് പോസ്​റ്റ്‌മോർട്ടം റിപ്പോർട്ടിലുളളത്. കുട്ടിയുടെ ശരീരത്തിനാകമാനം മുറിവേ​റ്റ പാടുകളുമുണ്ടായിരുന്നു. തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. മകന് പഠനത്തിൽ താൽപര്യമില്ലാത്തത് മരപ്പണിക്കാരനായ രവികുമാറിൽ വൈരാഗ്യം ഉണ്ടാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി. മൊബൈൽഫോൺ നന്നാക്കാത്തതിനെ തുടർന്ന് അച്ഛനും മകനും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ക്രിക്ക​റ്റ് ബാ​റ്റുപയോഗിച്ച് മകനെ മർദ്ദിച്ചിട്ടും മരണം സംഭവിച്ചില്ല. തുടർന്ന് നീ മരിച്ചാലും ജീവിച്ചിരുന്നാലും പ്രശ്നമില്ലെന്ന് പറഞ്ഞാണ് ഇയാൾ തേജസിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചത്. ഗുരുതരപരിക്കേ​റ്റ കുട്ടിയെ വൈകിയാണ് രവികുമാർ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ പരിശോധിക്കുന്നതിന് മുൻപ് തന്നെ തേജസ് മരണപ്പെട്ടിരുന്നു. മകന്റേത് സ്വാഭാവിക മരണമാണെന്ന് തെളിയിക്കാൻ രവികുമാർ തെളിവുകളെല്ലാം നശിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.