
നടൻ ധനുഷിനെ സോഷ്യൽമീഡിയയിലൂടെ പരസ്യമായി വിമർശിച്ച നടി നയൻതാരയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ പിന്തുണയ്ക്കുന്ന തരത്തിലുളള ഹാഷ്‌ടാഗുകൾ ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു. നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിലു'മായി ബന്ധപ്പെട്ടാണ് വിവാദം. ഇതോടെയാണ് നയൻതാര സോഷ്യൽ മീഡിയയിൽ തുറന്ന കത്ത് പോസ്റ്റ് ചെയ്തത്.
ധനുഷ് നിർമിച്ച് നയൻതാര അഭിനയിച്ച 'നാനും റൗഡി താൻ' എന്ന സിനിമയിലെ ചില ഭാഗങ്ങൾ ചേർക്കുന്നതിന് എൻഒസി കിട്ടാൻ രണ്ട് വർഷം കാത്തിരുന്നുവെന്നും നടി വിമർശിക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് നയൻതാരയെ വിമർശിച്ചും ധനുഷിനെ അനുകൂലിച്ചുമുളള പ്രചാരണം സോഷ്യൽമീഡിയയിൽ ശക്തമായത്. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ അടക്കം താരങ്ങൾ നയൻതാരയ്ക്ക് കഴിഞ്ഞ ദിവസം തന്നെ പിന്തുണ അറിയിച്ചിരുന്നു. ശ്രുതിഹാസൻ അടക്കമുളള തമിഴ് നടിമാർ പിന്തുണച്ചെങ്കിലും, മലയാളി നടിമാർ മാത്രമാണ് നയൻതാരയെ പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. വിഷയത്തിൽ ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നയൻതാരയുടെ കത്തിലെ പ്രസക്ത ഭാഗം
തെറ്റായ കാര്യങ്ങൾ ശരിയാക്കാനുള്ള തുറന്ന കത്താണിത്. താങ്കളെപ്പോലുള്ള ഒരു നല്ല നടൻ, ഇത് വായിച്ച് മനസ്സിലാക്കണം. സിനിമ എന്നെപ്പോലുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന, സെൽഫ് മെയ്ഡ് സ്ത്രീയാണ് ഞാൻ. ഡോക്യുമെന്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, എന്റെ ആരാധകരും കാത്തിരുന്നു. എന്നോടും എന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്ടിനായി പരിശ്രമിച്ച ആളുകളെയും ബാധിക്കുന്നു. ഡോക്യുമെന്ററിയിൽ സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നു, ഏറ്റവും പ്രധാന ചിത്രമായ 'നാനും റൗഡി താൻ' ഉൾപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ എൻ.ഒ.സി കിട്ടാൻ കാത്തിരുന്നത് നീണ്ട രണ്ട് വർഷം.
സിനിമയിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ ഉപയോഗിക്കാൻ പല തവണ അഭ്യർത്ഥിച്ചിട്ടും വിസമ്മതിച്ചപ്പോൾ എന്റെ ഹൃദയം തകർന്നു. ഞങ്ങളോടുള്ള വ്യക്തി വിദ്വേഷം തീർക്കാനാണെന്ന് അറിയുന്നത് വേദനാജനകമാണ്. ഡോക്യുമെന്ററിയുടെ ട്രെയിലർ ഇറങ്ങിയ ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് ഞെട്ടിച്ചു. കേവലം മൂന്ന് സെക്കൻഡിനുള്ള നഷ്ടപരിഹാരമായി പത്ത് കോടി രൂപ ആവശ്യപ്പെട്ടു. ഓഡിയോ ലോഞ്ചുകളിൽ കാണിക്കുന്ന പകുതിയെങ്കിലും നന്മ നിങ്ങൾ ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ. ഒരു നിർമ്മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തെ നിയന്ത്രിക്കുന്ന സ്വച്ഛാധിപതിയാകുമോ? നിങ്ങളുടെ വിസമ്മതം കോടതിയിൽ ന്യായീകരിക്കാനായേക്കാം. അതിൽ ധാർമ്മിക വശമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു. അത് ദൈവത്തിന്റെ കോടതിയിൽ ഏറ്റുപറയേണ്ടിവരും. ലോകത്തിന് മുന്നിൽ മുഖംമൂടി ധരിച്ച് ഒരാൾ നീചമായി തുടരുന്നു. കള്ളക്കഥകളുണ്ടാക്കി പഞ്ച് വാചകങ്ങൾ ചേർത്ത് അടുത്ത ഓഡിയോ ലോഞ്ചിൽ നിങ്ങൾ പറയുമായിരിക്കും. അതും ദൈവം കാണുന്നുണ്ടെന്ന് ഓർക്കൂ.