
കോട്ടയം : ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ബോധവത്കരണം നടത്താൻ ആരോഗ്യ വകുപ്പ് കുടുംബശ്രീയുമായി കൈകോർക്കും. രോഗാണുക്കൾക്കെതിരേ ആന്റിബയോട്ടിക് ഫലിക്കാതെ വരുന്ന അവസ്ഥ വ്യാപകമായതോടെയാണിത്.
ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ സ്വയം വാങ്ങിക്കഴിക്കുക, കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ആന്റിബയോട്ടിക്കുകൾ വിൽക്കുക, ബാക്ടീരിയമൂലമുള്ള അണുബാധയാണെന്ന് കൃത്യമായി വിലയിരുത്താതെ അനാവശ്യമായി ആന്റിബയോട്ടിക്കുകൾ കുറിച്ചുനൽകുക, ഡോക്ടർ കുറിച്ച് നൽകുന്ന മരുന്നുകൾ കൃത്യമായും പൂർണമായും കഴിക്കാതിരിക്കുക എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. അനാവശ്യമായി ആന്റിബയോട്ടിക്കുകൾ കുറിച്ചുനൽകുന്നത് ഒഴിവാക്കാനും, ആവശ്യം വന്നാൽ തന്നെ പ്രതിരോധ സാദ്ധ്യത കുറവുള്ള അക്സസ്സ് ഗണത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകൾ നൽകാനും ഡോക്ടർമാരുടെയിടയിൽ പ്രചാരണം നടത്തും.
പ്രത്യാഘാതം ഗുരുതരം
പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടും
ഇത് മരുന്നുകൾ ഏൽക്കാത്ത സ്ഥിതിയുണ്ടാക്കും
ശരീരത്തിൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ സൃഷ്ടിക്കും
നിശ്ചിത ദിവസത്തേക്ക് മാത്രം കൃത്യമായി കഴിക്കാനുള്ളതാണ് ഇവ
ചികിത്സ കഴിഞ്ഞ് ശേഷിക്കുന്നവ പിന്നീട് ഉപയോഗിക്കരുത്
നിരന്തര ഉപയോഗം കുട്ടികളിൽ വൻപ്രത്യാഘാതം ഉണ്ടാക്കും
മൃഗങ്ങൾക്കും അപകടകരം
ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർ മൃഗ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ പശുക്കൾക്ക് മരുന്നുനൽകുന്നതും മരുന്ന് നല്കിക്കഴിഞ്ഞാൽ പാലിൽ ആന്റിബയോട്ടിക്കിന്റെ അംശം കാണാനിടയുള്ള കാലയളവിനുള്ളിൽ കറക്കുന്ന പാൽ വിൽക്കുന്നതും ഒഴിവാക്കണം. കോഴി, താറാവ് എന്നിവക്ക് രോഗം വരാതിരിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകുന്നതും ഇറച്ചിയിലൂടെ ആന്റിബയോട്ടിക്കുകൾ മനുഷ്യ ശരീരത്തിലെത്തിനിടയാക്കും. അണുബാധ ഒഴിവാക്കാൻ മുൻകരുതലായി മൃഗങ്ങൾക്കും മത്സ്യകൃഷിയിലും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് അപകടകരമാണ്.