
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിളമ്പിയ സാമ്പാറിൽ ചത്ത പ്രാണിയെ കണ്ടെത്തിയതായി പരാതി. തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലെ എഗ്മോറിലേക്ക് പുറപ്പെട്ട 20666 എന്ന ട്രെയിനിലെ യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയത്. മധുരയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിനുശേഷം പ്രഭാത ഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് പ്രാണിയെ കണ്ടെത്തിയത്. ഉടൻ തന്നെ യാത്രക്കാരൻ പരാതി നൽകുകയായിരുന്നു.
ഇതോടെ പരാതിയിൽ ദക്ഷിണ റെയിൽവേ പ്രസ്താവനയും ഇറക്കി. യാത്രക്കാരനോട് ക്ഷമ ചോദിക്കുന്നതായും ഭക്ഷണം ട്രെയിനിൽ എത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉറപ്പ് നൽകുകയും ചെയ്തു. പരാതിക്ക് പിന്നാലെ ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യുന്ന ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് നടത്തുന്ന തിരുനെൽവേലി ബേസ് കിച്ചണിൽ റെയിൽവേ അധികൃതർ പരിശോധന നടത്തി. സംഘത്തിൽ ഓൺബോർഡ് മാനേജർ, ചീഫ് കാറ്ററിംഗ് ഇൻസ്‌പെക്ടർ, ചീഫ് കൊമേഴ്സ്യൽ ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് കൊമേഷ്യൽ മാനേജർ എന്നിവരുമുണ്ടായിരുന്നു.
ഭക്ഷണം പാകം ചെയ്തിനുശേഷമാണ് പ്രാണി വീണതെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡിണ്ടിഗൽ സ്റ്റേഷനിൽ നിന്ന് യാത്രക്കാർക്ക് പകരം ഭക്ഷണം അനുവദിക്കാനും അധികൃതർ നിർദ്ദേശം നൽകി. പ്രാണിയെ കണ്ടെത്തിയ ഭക്ഷണം പരിശോധനയ്ക്കായി ഡിണ്ടിഗൽ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കൈമാറിയിട്ടുണ്ട്. മറ്റ് ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിൽ യാതൊരു ക്രമക്കേടുകളും നടന്നിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
ഭക്ഷണം തയ്യാറാക്കുന്ന സ്ഥലവും പാക്കറ്റിലാക്കി വിതരണം ചെയ്യുന്ന സ്ഥലവും വൃത്തിയുളളതാണെന്നും റിപ്പോർട്ടിലുണ്ട്. അശ്രദ്ധമായ രീതിയിൽ ഭക്ഷണം പാക്കറ്റിലാക്കിയതിന് ബൃന്ദാവൻ ഫുഡ് പ്രൊഡക്സിന് റെയിൽവേ 50,000 രൂപ പിഴ ചുമത്തി. യാത്രക്കാർക്ക് ഉയർന്ന ഭക്ഷണ നിരവാരം ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾ നടത്തുമെന്നും റെയിൽ മദദ് മുഖേന യാത്രക്കാർക്ക് പരാതി അറിയാക്കാമെന്നും റെയിൽവേ വ്യക്തമാക്കി.