
പാലക്കാട്: ബിജെപി മുൻ നേതാവ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സന്ദീപ് വാര്യരെ കോൺഗ്രസിൽ എത്തിച്ച ഓപ്പറേഷൻ പുറത്തുപറയില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. രണ്ടോ മൂന്നോ നേതാക്കൾ മാത്രം അറിഞ്ഞാണ് പ്രാഥമിക ചർച്ച നടന്നതെന്നും സുധാകരൻ പറഞ്ഞു. ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് ഇന്നലെയാണ് കോൺഗ്രസിൽ ചേർന്നത്. പാലക്കാട്ടെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ സന്ദീപിനെ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്നാണ് ഷാൾ അണിയിച്ച് സ്വീകരിച്ചത്.
'സന്ദീപിനെ ബലമായി കൊണ്ടുവന്നതല്ല, ഇങ്ങോട്ട് താത്‌പര്യപ്പെട്ട് വന്നതാണ്. ബിജെപിയെ ദുർബലമാക്കാനുള്ള അവസരം കോൺഗ്രസ് മുതലാക്കി. എന്ത് സ്ഥാനം നൽകണമെന്നതിൽ തീരുമാനം ആയിട്ടില്ല. സന്ദീപിനെ ആരും കോൺഗ്രസിൽ കെട്ടിയിട്ടിട്ടില്ല. ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിച്ചാൽ എത്രനാൾ വേണമെങ്കിലും സന്ദീപിനെ കൂടെനിർത്തും'- സുധാകരൻ പറഞ്ഞു.
കെ മുരളീധരൻ, പി സരിൻ വിഷയത്തിലും സുധാകരൻ പ്രതികരിച്ചു. 'പല കാര്യങ്ങളിലും മുരളീധരന് നിരാശ വന്നതിൽ ഞങ്ങൾ കുറ്റക്കാരാണ്. മുരളിയെ തൊട്ടുവിടില്ല. അദ്ദേഹത്തിന്റെ വിഷമം പരിഹരിക്കും. സരിൻ പാർട്ടി വിടുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. സരിന്റെ സമയദോഷമാണ് പാർട്ടി വിടാൻ കാരണം. സരിന് വീണ്ടും സീറ്റ് നൽകുമായിരുന്നു. സരിൻ വഞ്ചിച്ചത് മനഃസാക്ഷിയെ ആണ്'- സുധാകരൻ മനസുതുറന്നു.