
തെന്നിന്ത്യൻ സിനിമാപ്രേമികൾ കാത്തിരിക്കുന്ന താര വിവാഹമാണ് നടൻ നാഗചൈതന്യയുടേതും നടി ശോഭിത ധുലിപാലയുടേതും. ഇരുവരുടെയും വിവാഹനിശ്ചയം ഓഗസ്റ്റിൽ വലിയ ആഘോഷമായിട്ടാണ് നടന്നത്. ഇപ്പോഴിതാ താരങ്ങളുടെ വിവാഹം ഡിസംബർ നാലിന് നടക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. ശോഭിതയുടേതാണെന്ന് പറഞ്ഞുളള ഒരു വിവാഹക്ഷണപത്രം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹ തീയതി, കുടുംബാംഗങ്ങളുടെ വിവരങ്ങളെല്ലാം കത്തിലുണ്ട്. എന്നാലിത് ഔദ്യോഗിക ക്ഷണക്കത്താണോയെന്ന സ്ഥിരീകരണങ്ങൾ ഇതുവരെയായിട്ടും വന്നിട്ടില്ല.
ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയായിരിക്കും വിവാഹവേദിയെന്നാണ് സൂചന. നാലോ അഞ്ചോ വേദികളിൽ നിന്ന് താരങ്ങൾ അന്നപൂർണ തിരഞ്ഞെടുക്കുകയായിരുന്നു. അക്കിനേനി കുടുംബവുമായി ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോ ആയതിനാൽ തന്റെ വിവാഹജീവിതം ഇവിടെനിന്ന് തുടങ്ങണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്നപൂർണയിൽ നടന്ന ഒരു അവാർഡ് ചടങ്ങിനിടെ ശോഭിത നാഗചൈതന്യയുടെ കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
നാഗചൈതന്യയുടെ ആദ്യഭാര്യ നടി സാമന്തയായിരുന്നു. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 2017ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. മാനസികവും വ്യക്തിപരവുമായ കാരണങ്ങൾ കൊണ്ട് ഇരുവരും വേർപിരിയാൻ പോകുകയാണെന്ന വാർത്തകൾ വന്നത് 2021ലാണ്. വിവാഹശേഷം സാമന്ത തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പേരിനൊപ്പം നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി ചേർത്തിരുന്നു. ഈ പേര് സാമന്ത സ്വന്തം അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തതോടെയാണ് വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമായത്. അധികം വൈകാതെ തന്നെ നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നിരുന്നു.