
"കല്യാണരാമൻ" അടക്കം നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ബീന കുമ്പളങ്ങി. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ ജന്മദിനം. ബീനയ്‌ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് നടി സീമ ജി നായർ.
ഫേസ്‌ബുക്കിലൂടെയാണ് സീമ ജി നായരുടെ ആശംസ. ബീന ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞെന്നും എല്ലാം അറിഞ്ഞു വന്നപ്പോൾ വൈകി പോയിരുന്നുവെന്നും സീമ വെളിപ്പെടുത്തുകയും ചെയ്‌തു. ചികിത്സാ ചെലവുകളെല്ലാം താരസംഘടന അമ്മയാണ് നോക്കുന്നതെന്നും അവർ വ്യക്തമാക്കി.
സീമ ജി നായരുടെ വാക്കുകൾ
നമസ്ക്കാരം.ഇന്നലെ ബീന കുമ്പളങ്ങിയുടെ പിറന്നാൾ ആയിരുന്നു. ഇന്നലെ ഒരു വിഷ് ഇടാൻ പറ്റാഞ്ഞത്, മിനിങ്ങാന്നുണ്ടായ നാടക വണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു. പക്ഷേ ചേച്ചിയെ വീഡിയോ കോളിൽ വിളിച്ചു വിഷ് അറിയിച്ചിരുന്നു.
ഇപ്പോൾ ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു ..എല്ലാം അറിഞ്ഞു വന്നപ്പോൾ വൈകി പോയിരുന്നു. ഈ വൈകിയ വേളയിൽ ചേച്ചിക്ക് താങ്ങാവുന്നത് 'അമ്മ എന്ന സംഘടനയാണ്. ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും 'അമ്മ സംഘടനയാണ്.
സത്യത്തിൽ ഇങ്ങനെ ഒരു സംഘടന ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്തേനേ. എത്രയോ പേർക്ക് താങ്ങായി 'അമ്മ നിൽക്കുന്നു. ഇപ്പോൾ മൂന്ന് ആർട്ടിസ്റ്റുകൾ ആണ് വിവിധ ആശുപത്രികളിൽ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നത്. ഇതൊക്കെ ആർക്കറിയണം. എന്തേലും ഒരു പ്രശ്‍നം വരുമ്പോൾ. അതിന്റെ ഉത്തരവാദിത്തം മുഴുവനും അമ്മക്കാണ്.
സത്യത്തിൽ മനസ് മടുത്തുപോയിരുന്നു.എത്രയോ പേർക്ക് അന്നവും, മരുന്നും, കൊടുക്കുന്നു .അവരെ സംരക്ഷിക്കുന്നു. തലചായ്ക്കാൻ ഒരിടം നൽകുന്നു. കല്ലെറിയണം അതാണ് എല്ലാർക്കും ഇഷ്ട്ടം .വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാടാണ്.
ഒരു സ്ഥാപനത്തിനെ നശിപ്പിക്കാൻ എളുപ്പമാണ്. എത്രയോ പേരുടെ ചോരയും, വിയർപ്പും ,അധ്വാനവും ആണത്.പ്രസംഗിച്ചവർ ആരും ഒരു നേരത്തെ മരുന്ന് മേടിച്ചുകൊടുക്കാൻ മുന്നിൽ ഇല്ല .അതിനും 'അമ്മ വേണം ..നശിപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ ഈ പ്രസ്ഥാനം ഉയിർത്തു എഴുന്നേൽക്കണം ..എഴുന്നേറ്റെ മതിയാവു ..ചേച്ചി വൈകിയെങ്കിലും പിറന്നാൾ ആശംസകൾ